Kerala

പി സി ജോർജ് അറസ്റ്റിൽ;ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ

keralanews p c george arrested with non bailable offenses

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. 153 എ 295 എ എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. വിദ്വേഷ പ്രചാരണത്തിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് കേസ്.തിരുവനന്തപുരം നന്ദാവനം എ.ആര്‍ ക്യാമ്പിൽ വെച്ചാണ് പൊലീസ് അറസ്റ്റു രേഖപ്പെടുത്തിയത്. കമ്മീഷണര്‍ സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. അറസ്റ്റിന് ശേഷം വഞ്ചിയൂരിലുള്ള മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കും.ഇന്ന് പുലര്‍ച്ചെ വീട്ടിലെത്തിയാണ് പൊലീസ് പി.സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് വിദ്വേഷ പ്രസംഗക്കേസില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഡി.ജി.പി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.പി.സി ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ ഉദ്ഘാടനം ചെയ്യുമ്ബോഴാണ് പി സി ജോര്‍ജ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിലുടനീളം മുസ്ലിം സമുദായത്തെ വര്‍ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായും ജോര്‍ജിനെതിരായ പരാതിയില്‍ പറയുന്നു.അതേസമയം കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും അന്വേഷണത്തിന് സഹകരിക്കുമെന്നും പിസി ജോർജിന്റെ മകൻ ഷോൺ ജോർജ് വ്യക്തമാക്കി.

Previous ArticleNext Article