Kerala, News

പി.സി. ചാക്കോ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു; നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

keralanews p c chacko resigned from congress

ന്യൂഡൽഹി:മുതിർന്ന നേതാവ് പി.സി. ചാക്കോ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു.നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലെ കടുത്ത അതൃപ്തിയാണ് ചാക്കോയുടെ രാജിക്ക് കാരണം. ഇക്കാര്യം വ്യക്തമാക്കി ദേശീയ അധ്യക്ഷ സോണിയാഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും രാജിക്കത്ത് നല്‍കുകയായിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നിന്നടക്കം തന്നെ ഒഴിവാക്കിയെന്നും പാര്‍ട്ടി അവഗണിച്ചുവെന്നുമാണ് ചാക്കോയുടെ പരാതി. ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതെന്നും മുതിര്‍ന്ന നേതാക്കളോട് സ്ഥാനാര്‍ത്ഥി വിഷയം ചര്‍ച്ച ചെയ്യണമെന്നുള്ള ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം സംസ്ഥാന നേതാക്കള്‍ പരിഗണിച്ചില്ലെന്നും ചാക്കോ പറഞ്ഞു. പ്രദേശ് സെലക്ഷന്‍ കമ്മിറ്റിയില്‍ സ്ഥാനാര്‍ഥികളുടെ പേര് റിപ്പോര്‍ട്ട് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല.കേരളത്തില്‍ കോണ്‍ഗ്രസ് നേരിടുന്നത് കടുത്ത അപചയമാണ്. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും മനസിലുള്ള പേരുകളാണ് സ്ക്രീനിങ് കമ്മിറ്റിയിലേക്ക് നല്‍കിയിട്ടുള്ളത്. മെറിറ്റുള്ളവരെ അംഗീകരിക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മാത്രമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതിനു ഹൈക്കാമാന്‍ഡ് ഒത്താശ ചെയ്‌തെന്നും ചാക്കോ ആരോപിച്ചു.കേരളത്തില്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയില്ല. രണ്ടു ഗ്രൂപ്പുകളുടെ ഏകോപനസമിതി മാത്രമേയുള്ളൂ. കോണ്‍ഗ്രസുകാരനായിരിക്കാന്‍ കേരളത്തില്‍ ഇനി സാധിക്കില്ല. ഗ്രൂപ്പുകാരനായിരിക്കാന്‍ മാത്രമേയാകൂ. അത്തരമൊരു സംവിധാനത്തില്‍ തുടര്‍ന്നു പ്രവര്‍ത്തിക്കാനാവാത്തതിനാലാണ് രാജിയെന്നും പി.സി ചാക്കോ വ്യക്തമാക്കി. നാളെ എങ്ങോട്ടുപോകുമെന്നതിനെക്കുറിച്ച്‌ ആലോചിച്ചിട്ടില്ലെന്നും ചാക്കോ പറഞ്ഞു.

Previous ArticleNext Article