കൊച്ചി: തന്റെ പ്രണയം നിരസിച്ച ദേവികയെന്ന പ്ലസ് വണ്‍കാരിയെ കൊലപ്പെടുത്താന്‍ മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയുമായാണ് മിഥുന്‍ ഇന്നലെ കാക്കനാടെ അത്താണിയിലുള്ള സലഫി ജുമാ മസ്ജിദിന് സമീപത്തെ ‘പദ്മാലയം’ എന്ന വീട്ടിലേക്ക് എത്തിയത്.കുടുംബത്തിലെ എല്ലാവരെയും കൊല്ലാനായിരുന്നു മിഥുനിന്റെ പദ്ധതിയെന്ന് തീവച്ച് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ അമ്മ വെളിപ്പെടുത്തി.അർധരാത്രി വീട്ടിലെ കതകിൽ മുട്ടിയ മിഥുന് ദേവികയുടെ അച്ഛൻ ഷാലനാണ് മുന്‍വശത്തെ വാതില്‍ തുറന്നുകൊടുത്തത്.തുടര്‍ന്ന് തനിക്ക് ദേവികയെ കാണണമെന്ന് മിഥുന്‍ ആവശ്യപ്പെട്ടു. ഇതിനിടെ ഉറക്കമുണര്‍ന്ന് വീടിന്റെ മുന്‍വശത്തേക്ക് എത്തിയ ദേവികയെ കണ്ട ഇയാള്‍ പെട്ടെന്നുതന്നെ വീടിനകത്തേക്ക് ഓടിക്കയറി. തന്റെ നേര്‍ക്ക് ഓടിയടുക്കുന്ന മിഥുനെ കണ്ട ദേവിക ഉടന്‍ ഓടിമാറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.നിമിഷനേരം കൊണ്ട് മിഥുന്‍ പെണ്‍കുട്ടിയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. ഇതിനിടെ ഇയാളുടെ ദേഹത്തേക്കും തീ പടര്‍ന്നു.മകളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ദേവികയുടെ അച്ഛനും തീപ്പൊള്ളല്‍ ഏറ്റിട്ടുണ്ട്.
എട്ടാം ക്ലാസ് മുതല്‍ മിഥുന്‍ പ്രേമാഭ്യര്‍ത്ഥനയുമായി ദേവികയെ ശല്യപ്പെടുത്തിയിരുന്നെന്നും ഇതിന്റെ പേരിൽ മിഥുനും ദേവികയുടെ അമ്മ മോളിയും തമ്മിൽ വാക്കുതര്‍ക്കം നടന്നിരുന്നുവെന്നുമുള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.ഇയാളുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് മോളി രണ്ടു ദിവസം മുന്‍പ് കാക്കനാട് പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. ഇതിനു പിന്നാലെ പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ഇരുവരെയും അനുനയിപ്പിക്കാനും ശ്രമിച്ചിരുന്നു.കുടുംബത്തിലെ എല്ലാവരെയും കൊല്ലാനായിരുന്നു മിഥുനിന്റെ പദ്ധതിയെന്ന് തീവച്ച് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു. രാത്രി പന്ത്രണ്ടേകാലിന് വീട്ടിലേക്കെത്തി മകള്‍ ദേവികയെ കൊലപ്പെടുത്തിയ മിഥുന്‍ തന്റെ ദേഹത്തേക്കും പെട്രോള്‍ ഒഴിച്ചിരുന്നുവെന്ന് അമ്മ മോളി പറയുന്നു.തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയും ഇളയ കുട്ടിയും ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ബോധരഹിതയായ മോളി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ദേഹത്ത് പെട്രോള്‍ ഒഴിച്ചതിന് ശേഷമാണ് മിഥുന്‍ ദേവികയുടെ വീട്ടിലേക്ക് എത്തിയതെന്ന് സംശയിക്കുന്നതായി ഇവരുടെ അയല്‍വാസിയും പറയുന്നു. ഇതിന് മുന്‍പും മിഥുന്‍ വീട്ടിലേക്ക് വന്നിട്ടുണ്ടെന്നും ഇവർ പറയുന്നു. ദേവിക ട്യൂഷനായി പോയിരുന്ന സ്ഥലത്തും മിഥുന്‍ ശല്യം ചെയ്തിരുന്നതായി പെണ്‍കുട്ടിയുടെ സഹപാഠിയും പറയുന്നുണ്ട്. ഇവര്‍ രണ്ടുപേരും തമ്മില്‍ ബുധനാഴ്ച വൈകുന്നേരം വാക്കുതര്‍ക്കം നടന്നിരുന്നതായും സഹപാഠി വെളിപ്പെടുത്തി. സുഹൃത്തിന്റെ ബൈക്ക് എടുത്താണ് മിഥുന്‍ ദേവികയുടെ വീട്ടിലേക്ക് എത്തിയത്. ബൈക്ക് വീടിനടുത്തുനിന്നും പൊലീസ് കണ്ടെടുത്തു.