Kerala, News

കോട്ടയം പായിപ്പാട് ലോക്ക് ഡൌൺ ലംഘിച്ച് ഇതരസംസ്ഥാന തൊഴിലാളികൾ തെരുവിലിറങ്ങി;ഭക്ഷണവും നാട്ടിലെത്താന്‍ സൗകര്യവും വേണമെന്ന് ആവശ്യം

keralanews other state workers protest in kottayam parippad violating lock down demanding food and facility to reach home

കോട്ടയം:ചങ്ങനാശ്ശേരി പായിപ്പാട് ലോക്ക് ഡൌൺ ലംഘിച്ച് ഇതരസംസ്ഥാന തൊഴിലാളികൾ തെരുവിലിറങ്ങി.പായിപ്പാട് ദേശീയപാതയിലാണ് ആഹാരവും യാത്രാ സൗകര്യം ആവശ്യപ്പെട്ട് 100 കണക്കിന് തൊഴിലാളികള്‍ പ്രകടനവുമായി എത്തിയത്. കൂട്ടംകൂടരുതെന്ന കര്‍ശന നിര്‍ദ്ദേശം ലംഘിച്ചാണ് പ്രതിഷേധവുമായി തൊഴിലാളികള്‍ രംഗത്തിറങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് 11.30 മുതലാണ് ഇവര്‍ സംഘടിച്ച്‌ എത്താന്‍ തുടങ്ങിയത്. പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ഉറപ്പാക്കണമെന്ന് ജില്ലാ ഭരണകൂടം ഇന്നലെ കോണ്‍ട്രാക്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പലര്‍ക്കും ഭക്ഷണം ലഭിച്ചില്ലെന്നാണ് പരാതി. നാട്ടിലുള്ളവരെയോര്‍ത്തും പലര്‍ക്കും ആശങ്കയുണ്ട്. അതുകൊണ്ട് എത്രയും പെട്ടെന്ന് വീട്ടില്‍ എത്തണമെന്നാണ് ചിലരുടെ ആവശ്യം.തൃക്കൊടിത്താനം പോലീസ് സ്ഥലത്തെത്തി പിരിച്ചുവിടാന്‍ ശ്രമിച്ചുവെങ്കിലും പിരിഞ്ഞ് പോകാന്‍ കൂട്ടാക്കാത്തതിനേത്തുടര്‍ന്ന് പോലീസ് ലാത്തി വീശി.പൊലീസിന് അവരെ പിരിച്ചുവിടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. നാട്ടിലേക്ക് പോകാന്‍ വാഹനസൗകര്യം ഏര്‍പ്പെടുത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഭക്ഷണവും വെള്ളവും തീര്‍ന്നു. പട്ടിണി സഹിച്ച്‌ ഇനി കഴിയാന്‍ പറ്റില്ലെന്നുമാണ് ഇവര്‍ വ്യക്തമാക്കുന്നത്. അതേസമയം പട്ടിണിയിലായിരുന്നുവെന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വാദം ജില്ലാ കളക്ടര്‍ തള്ളി. തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നു. ഇക്കാര്യം നേരത്തെ തന്നെ ഉറപ്പുവരുത്തിയതാണ്. എന്നാല്‍ തയ്യാറാക്കിയ ഭക്ഷണം വേണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഇവരെ നാട്ടിലേക്ക് അയക്കണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഇത് ഇപ്പോള്‍ സാധ്യമല്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഇവരുടെ പുതിയ ആവശ്യം പരിഗണിച്ച്‌ പാചകം ചെയ്ത ഭക്ഷണത്തിന് പകരം ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു നൽകുമെന്നും കലക്റ്റർ വ്യക്തമാക്കി.

Previous ArticleNext Article