പത്തനംതിട്ട:റാന്നിയിൽ അന്യസംസ്ഥാന തൊഴിലാളിക്ക് ക്രൂര മർദനമേറ്റു.ബീഹാർ സ്വദേശി ചന്ദ്രദേവ് മുഖർജിയാണ്(45) മർദനത്തിന് ഇരയായി അത്യാസന്ന നിലയിൽ കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുന്നത്.റാന്നി ഇട്ടിയപ്പാറ സെൻട്രൽ ജംഗ്ഷനിലെ കെട്ടിടത്തിൽ താമസക്കാരനായ ചന്ദ്രദേവ് അഞ്ചു വർഷത്തിലേറെയായി ഈ മേഖലകളിൽ മേസ്തിരിപ്പണി അടക്കം വിവിധ ജോലികൾ ചെയ്തു വരികയായിരുന്നു.കഴിഞ്ഞ ദിവസം നാട്ടിൽ പോയി മടങ്ങിയെത്തിയ ഇയാൾ തന്റെ 12 വയസ്സുള്ള മകനെയും ഒപ്പം കൂട്ടിയിരുന്നു.കഴിഞ്ഞ ദിവസം ഇട്ടിയപ്പാറയിലുള്ള കടയിൽ നിന്നും സാധനങ്ങൾ വാങ്ങി താമസ സ്ഥലത്തേക്ക് പോകുന്ന വഴി ഇയാളെ രണ്ടു മൂന്നുപേർ ചേർന്ന് തടയുകയും ഇയാളുടെ പോക്കറ്റിൽ നിന്നും 1000 രൂപ പിടിച്ചുപറിച്ചെടുക്കുകയും ചെയ്തു.പണം നഷ്ട്ടപ്പെട്ട ഇയാൾ പിടിച്ചുപറിക്കിടെ നാട്ടുകാരന്റെ മൊബൈൽ കൈക്കലാക്കി അതുമായി താമസസ്ഥലത്തെത്തി വാതിൽ പൂട്ടി.എന്നാൽ പിന്നാലെയെത്തിയ സംഘം വാതിൽ ചവിട്ടിപ്പൊളിച്ച് ചന്ദ്രദേവിനെ മർദിച്ചു.ഇതിനിടയിൽ ഇയാൾ കയ്യിലുണ്ടായിരുന്ന മൊബൈൽ സമീപത്തെ കാട്ടിലേക്ക് വലിച്ചെറിഞ്ഞു.ഇതോടെ നാട്ടുകാരുടെ സംഘം ചന്ദ്രദേവിനെ വീണ്ടും അതി ക്രൂരമായി മർദിച്ചു.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എന്നാൽ ഇയാളുടെ നില ഗുരുതരമായതിനാൽ അപ്പോൾ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ചന്ദ്രദേവിനെ ഇന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കും.സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ റാന്നി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Kerala, News
റാന്നിയിൽ അന്യസംസ്ഥാന തൊഴിലാളിക്ക് ക്രൂര മർദനം
Previous Articleകേരളത്തിലെ എല്ലാ അരിയിനങ്ങൾക്കും ജി എസ് ടി ചുമത്തും