Kerala, News

കണ്ണൂരിൽ രണ്ടു മാസം മുൻപ് വിവാഹിതയായ അന്യസംസ്ഥാനക്കാരിയായ യുവതി സ്വര്‍ണാഭരണങ്ങളുമായി മുങ്ങി

keralanews other state woman who got married two months ago in kannur escaped with gold

കണ്ണൂര്‍: രണ്ടു മാസം മുൻപ് വിവാഹിതയായ അന്യസംസ്ഥാനക്കാരിയായ യുവതി സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയതായി പരാതി. യുവതിയുടെ ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുന്ന ചെറുകുന്ന് കവിണിശ്ശേരി സ്വദേശിയായ സുമേഷാണ് കണ്ണപുരം പൊലീസില്‍ പരാതി നല്‍കിയത്. അന്യസംസ്ഥാനക്കാരിയായ ഭാര്യ സ്വര്‍ണ്ണാഭരണങ്ങളുമായി മുങ്ങിയെന്നാണ് സുമേഷ് പൊലീസിന് നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. പഴയങ്ങാടി വലിയ വളപ്പില്‍ സുമേഷിന്റ ഭാര്യയായ ബീഹാര്‍ പാറ്റ്ന സ്വദേശിനി പിങ്കി കുമാരി (26)യെ കാണാനില്ലെന്നാണ് പരാതി.ഗള്‍ഫില്‍ സഹപ്രവര്‍ത്തകനായിരുന്ന ബീഹാര്‍ സ്വദേശി വഴിയാണ് സുമേഷ് യുവതിയെ പരിചയപ്പെടുന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലായതോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.ഇരു വീട്ടുകാരുടെയും സമ്മത പ്രകാരം രണ്ട് മാസം മുൻപായിരുന്നു വിവാഹം നടത്തിയത്. വിവാഹ ശേഷം സുമേഷ് ഗള്‍ഫിലേക്കു മടങ്ങി പോയി. അതിനുശേഷം പിങ്കി കുമാരി സുമേഷിന്‍റെ വീട്ടില്‍ ആണ് കഴിഞ്ഞിരുന്നത്.കഴിഞ്ഞ ദിവസം രാത്രിയോടെ വീട്ടുകാർ കാണാതെ പിങ്കി കുമാരി വീട് വിട്ട് ഇറങ്ങുകയായിരുന്നു. ഏറെ നേരവും വീട്ടില്‍ ആളനക്കമില്ലാതായതോടെ ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് പിങ്കി കുമാരി വീട്ടില്‍ ഇല്ലെന്ന് മനസിലായത്. തുടര്‍ന്ന് വീട്ടുകാര്‍ ഫോണ്‍ വഴി ബന്ധപ്പെട്ടുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.ഇതേത്തുടര്‍ന്ന് വീട്ടില്‍ നടത്തിയ അന്വേഷണത്തിലാണ് വിവാഹ സമയത്ത് വധുവിന് വരന്റെ വീട്ടുകാര്‍ നല്‍കിയ ആഭരണങ്ങളും വസ്ത്രങ്ങളും എടുത്താണ് ഇറങ്ങിപ്പോയതെന്ന് മനസ്സിലായി. തുടര്‍ന്ന് സുമേഷിനെ വിവരം അറിയിക്കുകയും കണ്ണപുരം പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ യുവതി കേരള അതിര്‍ത്തി പിന്നിട്ടുവെന്നും കര്‍ണാടകത്തില്‍വെച്ച്‌ ഫോണ്‍ ഓഫായതായും കണ്ടെത്തി. സൈബര്‍ സെല്‍ വഴി നടത്തിയ അന്വേഷണത്തില്‍ കര്‍ണ്ണാടകയിലും മറ്റ് പരിസരങ്ങളിലും ടവര്‍ ലൊക്കേഷന്‍ കാട്ടിയെങ്കിലും പിന്നാലെ ഫോണ്‍ ഓഫാകുകയായിരുന്നു.

Previous ArticleNext Article