Kerala

കെ.കെ.ഷൈലജയുടെ രാജിയിലുറച്ച് പ്രതിപക്ഷം

keralanews opposition party demands kk shylajas resignation

തിരുവനന്തപുരം:ബാലാവകാശ കമ്മീഷൻ നിയമനത്തിൽ ഹൈക്കോടതിയുടെ വിമർശനം നേരിടേണ്ടിവന്ന ആരോഗ്യമന്ത്രി കെ.കെ ഷൈലജയുടെ രാജിയിലുറച്ച് പ്രതിപക്ഷം. ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ ബഹളം. അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ സഭാകവാടത്തിന് മുന്നില്‍ സത്യഗ്രഹമിരിക്കുകയാണ്. ആരോഗ്യമന്ത്രി സംസാരിക്കാന്‍ എഴുന്നേറ്റതോടെയായിരുന്നു ബഹളം.അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഹൈക്കോടതി നിരീക്ഷിച്ച സാഹചര്യത്തില്‍ ശൈലജയ്ക്ക് തുടരാന്‍ അര്‍ഹതയില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. വയനാട് ബാലാവകാശ കമ്മീഷന്‍ അംഗമായി ക്രിമിനല്‍ കേസില്‍ പ്രതിയായ ടി ബി സുരേഷിനെ നിയമിച്ചതാണ് ആരോഗ്യമന്ത്രിക്കെതിരെ ഹൈക്കോടതി രംഗത്ത് വരാന്‍ കാരണം. നിയമനം കോടതി റദ്ദ് ചെയ്തു. പഴയ അപേക്ഷയില്‍ നിന്ന് പകരം ആളെ നിയമിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.തിങ്കളാഴ്ച രാവിലെ സഭ സമ്മേളിച്ചപ്പോൾ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയിരുന്നു.തുടർന്ന് സഭ നിർത്തിവെച്ചു.മന്ത്രി സ്വജന പക്ഷപാതവും സത്യപ്രതിജ്ഞ ലംഘനവും നടത്തിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.അപേക്ഷ തീയതി നീട്ടിയത് മന്ത്രിയുടെ ഇഷ്ടക്കാരെ നിയമിക്കാനാണെന്നും പ്രതിപക്ഷം ആരോപിച്ചു.എന്നാൽ ശൈലജയെ പിന്തുണയ്ക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്.ബാലാവകാശ കമ്മീഷൻ അപേക്ഷ നീട്ടാനുള്ള നിർദേശത്തിൽ അപാകതയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.മന്ത്രി സത്യപ്രതിജ്ഞ ലംഘനം നടത്തിയിട്ടില്ലെന്നും മന്ത്രിയുടെ ഭാഗം കേൾക്കാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും അടിയന്തിര പ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

Previous ArticleNext Article