Kerala, News

നയപ്രഖ്യാപന പ്രസംഗത്തിനായി എത്തിയ ഗവർണറെ പ്രതിപക്ഷം നടുത്തളത്തിൽ തടഞ്ഞു;പ്രസംഗം ബഹിഷ്‌കരിച്ചു;സഭയിൽ നാടകീയ രംഗങ്ങൾ

keralanews opposition party blocked governor in assembly and boycott assembly meeting

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനായി എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയുടെ നടുത്തളത്തില്‍ തടഞ്ഞു.ഗോ ബാക്ക് വിളികളുമായി പ്ലക്കാര്‍ഡുകളേന്തി പ്രതിപക്ഷാംഗങ്ങള്‍ ഗവര്‍ണറുടെ മാര്‍ഗമധ്യേ നിലയുറപ്പിക്കുകയായിരുന്നു. 10 മിനിട്ടോളം ഗവര്‍ണര്‍ക്ക് ഡയസിലേക്ക് പ്രവേശിക്കാനായില്ല.പിന്നീട് നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.നയപ്രഖ്യാപനത്തിന് ഗവര്‍ണര്‍ നിയമസഭയില്‍ എത്തിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി.പ്ലക്കാര്‍ഡുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. പൌരത്വ ഭേദഗതിക്കെതിരെയും ഗവര്‍ണര്‍ക്കെതിരെയുമുള്ള മുദ്രാവാക്യങ്ങള്‍ പ്ലക്കാര്‍ഡുകളിലുണ്ടായിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിനായി എത്തിയ ഗവര്‍ണറെ സ്പീക്കറും മുഖ്യമന്ത്രിയും ചേര്‍ന്ന് സഭയിലേക്ക് ആനയിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി നിന്നത്. ഇവരെ നീക്കാനുളള അനുനയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ വാച്ച്‌ ആന്‍ഡ് വാര്‍ഡിനെ വിളിച്ച്‌ വരുത്തി.തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ പ്രതിപക്ഷാംഗങ്ങളെ നീക്കുകയായിരുന്നു.വാച്ച്‌ ആന്‍ഡ് വാര്‍ഡിന്റെ വലയത്തില്‍ സ്പീക്കറുടെ ഡയസിലെത്തിയ ഗവര്‍ണര്‍ പ്രതിപക്ഷ ബഹളത്തിനിടയിലും നയപ്രഖ്യാപന പ്രസംഗം ആരംഭിക്കുകയായിരുന്നു. മലയാളത്തില്‍ നിയമസഭയെ അഭിസംബോധന ചെയ്ത ഗവര്‍ണര്‍ അംഗങ്ങളോട് നന്ദി രേഖപ്പെടുത്തി. ഇതിനിടയില്‍ പ്രതിപക്ഷം മുദ്രാവാക്യങ്ങള്‍ മുഴക്കി സഭ ബഹിഷ്‌കരിച്ചു. നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്.

Previous ArticleNext Article