തിരുവനന്തപുരം:സംസ്ഥാനത്തെ ഇരട്ട വോട്ടുള്ളവരുടെ പട്ടിക പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.’ഓപ്പറേഷൻ ട്വിൻസ്’ എന്ന വെബ്സൈറ്റിലാണ് ഇരട്ടവോട്ടുകളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. 4.34 ലക്ഷം ഇരട്ടവോട്ടുകളുടെ വിവരമാണ് പുറത്ത് വിട്ടത്.ഓരോ മണ്ഡലത്തിലെയും വോട്ടുകൾ പ്രത്യേകമായി സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഫോട്ടോ ഉപയോഗിച്ച് വിവിധ മണ്ഡലങ്ങളിലുള്ള ഇരട്ടവോട്ടുകളുടെ വിവരങ്ങളും വെബ്സൈറ്റിലുണ്ട്. ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും നല്‍കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇതുവഴി ഇരട്ടവോട്ട് തടയാനാകുമെന്ന പ്രതീക്ഷയും പ്രതിപക്ഷത്തിനുണ്ട്.38,000 ഇരട്ടവോട്ടര്‍മാരാണ് ഉള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നും ഇരട്ട വോട്ടുള്ളവരുടെ പട്ടിക പുറത്തുവിടുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് വെബ്സൈറ്റ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. 4.34 ലക്ഷം ഇരട്ടവോട്ടുകളെ കുറിച്ച് പ്രതിപക്ഷ നേതാവ് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. എന്നാല്‍ പരാതിയില്‍ മേല്‍ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് വെബ്സൈറ്റിലൂടെ വിവരങ്ങള്‍ പുറത്തു വിട്ടത്.വെബ്സൈറ്റ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നതാണ്. പുതിയ അപ്ഡേഷനൊപ്പം ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉണ്ടാകും. തിരഞ്ഞെടുപ്പ് അവസാനിക്കും വരെ ഈ വിവരങ്ങള്‍ ലഭ്യമായിരിക്കും. കള്ളവോട്ടിനുള്ള സാധ്യതകള്‍ തടയണമെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.