Kerala, News

ശബരിമല വിഷയത്തിൽ മൂന്നാം ദിവസവും പ്രതിപക്ഷ ബഹളം;നിയമസഭ ഇന്നും പിരിഞ്ഞു

keralanews opposite party dispute assembly terminated for the third day

തിരുവനന്തപുരം:പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തത സഭാ നടപടികള്‍ നിറുത്തിവച്ച്‌ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളം ആരംഭിച്ചത്.ചോദ്യോത്തര വേള തുടങ്ങിയപ്പോള്‍ തന്നെ ഇക്കാര്യം ഉന്നയിച്ച്‌ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങിയിരുന്നു. ഒരേ വിഷയത്തില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രതിഷേധം പാടില്ലെന്നും ശബരിമല വിഷയം സഭ എട്ട് മണിക്കൂറോളം ചര്‍ച്ച ചെയ്തതാണെന്നും സ്പീക്കര്‍ നിലപാടെടുത്തു. എന്നാല്‍ സോളാര്‍ വിഷയം ആറ് അടിയന്തര പ്രമേയങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്നും ശബരിമല വിഷയം ചോദ്യത്തര വേള നിറുത്തി വച്ച്‌ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുമതി വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. വേണമെങ്കില്‍ ആദ്യ സബ്‌മിഷനായി ശബരിമല വിഷയം ഉന്നയിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലും ഇക്കാര്യം പ്രതിപക്ഷം അംഗീകരിച്ചില്ല. തുടര്‍ന്ന് നടപടികള്‍ റദ്ദാക്കി ഇന്നത്തേക്ക് സഭ പിരിയുകയായിരുന്നു. പ്രതിപക്ഷം മര്യാദയുടേയും മാന്യതയുടേയും എല്ലാ സീമകളും ലംഘിക്കുകയാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിച്ചാല്‍ നിയമസഭാ നടപടികളുമായി സഹകരിക്കാമെന്നാണ് പ്രതിപക്ഷ നിലപാട്.

Previous ArticleNext Article