Food, Kerala, News

‘ഓപ്പറേഷൻ സാഗർറാണി’ നിർജീവം;സംസ്ഥാനത്ത് വീണ്ടും പഴകിയ മൽസ്യവില്പന സജീവമാകുന്നു

keralanews operation sagarrani is inactive sale of stale fish is active again in the state

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ മൽസ്യ പരിശോധനാ സംവിധാനമായ ‘ഓപ്പറേഷൻ സാഗർറാണി’ നിർജീവമായതോടെ സംസ്ഥാനത്ത് വീണ്ടും പഴകിയ മൽസ്യവില്പന സജീവമാകുന്നു.സംസ്ഥാനത്തെ തീരദേശ മേഖലയില്‍ നിലവില്‍വന്ന മത്സ്യബന്ധന-വിപണന നിയന്ത്രണം മുതലാക്കിയാണ് ഇതരസംസ്ഥാന ലോബി വീണ്ടും സജീവമാകുന്നത്.മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ രാവും പകലും നടന്നിരുന്ന ആരോഗ്യ വകുപ്പിെന്‍റയും ഭക്ഷ്യവകുപ്പിന്റെയും പരിശോധന ഇപ്പോള്‍ തീര്‍ത്തും നിര്‍ജീവമായ നിലയിലാണ്. വടക്കന്‍ കേരളത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മിക്ക മാര്‍ക്കറ്റുകളിലുമെത്തുന്നത് ഗോവ, ഉഡുപ്പി ഭാഗത്തുനിന്നുള്ള മത്സ്യമാണ്. ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കേണ്ടതിനാല്‍ രാസവസ്തുക്കള്‍ ചേര്‍ക്കാതെ ഇത്തരം മത്സ്യം എത്തുന്നില്ല.ഐസും രാസവസ്തുക്കളും ചേര്‍ത്ത് മരവിച്ച മത്സ്യമായിരുന്നു നേരത്തെ ലഭിച്ചിരുന്നത്.ഓപ്പറേഷൻ സാഗര്‍ റാണിയുടെ വരവ് ഇതിനൊക്കെ പരിഹാരമായിരുന്നു.ശക്തമായ പരിശോധനയില്‍ പരമാവധി വിജയിക്കാന്‍ അധികൃതര്‍ക്കായി. പരിശോധന ഭയന്ന് അന്യസംസ്ഥാന ലോബി ആ സമയത്ത് പൂര്‍ണമായും കളംവിട്ടു.എന്നാല്‍, കോവിഡ് വ്യാപനവും ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയും മാറിയപ്പോള്‍ കാര്യങ്ങള്‍ തകിടംമറിയാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം തലശ്ശേരിയില്‍നിന്നും  മമ്പറം, അഞ്ചരക്കണ്ടി ഭാഗങ്ങളില്‍ വിതരണം ചെയ്ത ചെറുമീനുകളില്‍ രാസവസ്തുക്കളുടെ രൂക്ഷഗന്ധം അനുഭവപ്പെട്ടതായി നിരവധിയാളുകള്‍ പരാതിപ്പെട്ടു.ഇതേ പരാതി കഴിഞ്ഞ ദിവസം കൂത്തുപറമ്പ്, കതിരൂര്‍ ഭാഗങ്ങളിലുമുണ്ടായിരുന്നു. കട്ല മത്സ്യം പാകംചെയ്ത നിരവധിപേര്‍ക്ക് കറി നശിപ്പിച്ചുകളയേണ്ടിവന്നു. മത്സ്യത്തില്‍ ചേര്‍ത്ത രാസവസ്തുക്കള്‍, പാകം ചെയ്തപ്പോള്‍ രൂക്ഷഗന്ധമായി മാറുകയായിരുന്നു.ബ്ലീച്ചിങ് പൗഡറിന്റേതിന് സമാനമായ ഗന്ധമാണുണ്ടായതെന്ന് അനുഭവസ്ഥര്‍ പറഞ്ഞു. കാഴ്ചയില്‍ തിളക്കമുള്ള മത്സ്യമാണ് ലഭിക്കുന്നതെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ചെറുവത്തൂര്‍ മടക്കര, കണ്ണൂര്‍ ആയിക്കര, വടകര ചോമ്പാൽ എന്നീ പ്രധാന കടപ്പുറങ്ങളില്‍നിന്നും ശുദ്ധമായ മത്സ്യം ലഭിക്കുന്നുണ്ടെങ്കിലും അമിത ലാഭവും മത്സ്യം ശേഖരിക്കാനുള്ള സൗകര്യവും പരിഗണിച്ച്‌ ജില്ലയിലെ ഭൂരിഭാഗം മത്സ്യവില്‍പനക്കാരും ഇതരസംസ്ഥാനത്തുനിന്നുവരുന്ന ലോറി മത്സ്യമാണ് ആശ്രയിക്കുന്നത്. മത്സ്യമാര്‍ക്കറ്റുകളില്‍ പഞ്ചായത്തുകളുടെ ശ്രദ്ധയോ പരിശോധനയോ തീരെയില്ലാത്തതും എത്ര പഴകിയ മത്സ്യമെത്തിക്കാനും വില്‍പനക്കാര്‍ക്ക് തുണയാവുന്നു. ഏതെങ്കിലും പദ്ധതി നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന ആവേശം പിന്നീടങ്ങോട്ട് തുടരാത്തതാണ് ഇത്തരം ലോബികള്‍ക്ക് തുണയാവുന്നത്.

Previous ArticleNext Article