ന്യൂഡൽഹി: യുദ്ധ പശ്ചാത്തലത്തിൽ യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനുള്ള ‘ഓപ്പറേഷൻ ഗംഗ’ ദൗത്യത്തിന്റെ ഭാഗമായുള്ള മൂന്നാമത്തെ വിമാനവും ഡൽഹിയിലെത്തി.25 മലയാളികൾ ഉൾപ്പെടെ 240 ഇന്ത്യൻ പൗരന്മാരുമായാണ് വിമാനം ഡൽഹിയിൽ പറന്നിറങ്ങിയത്. ഞായറാഴ്ച അതിരാവിലെ ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. യുദ്ധഭൂമിയിൽ നിന്നും ആകെ 709 ഇന്ത്യൻ പൗരന്മാരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 219 പേർ ശനിയാഴ്ച വൈകിട്ട് മുംബൈയിലും 250 പേർ ഞായറാഴ്ച അതിരാവിലെ ഡൽഹിയിലും വിമാനമിറങ്ങി. യുക്രെയ്‌നിലെ നിരവധി മേഖലകളിലായി ആയിരക്കണക്കിന് ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇവർ എംബസി ഉദ്യോഗസ്ഥരെ അറിയിക്കാതെയോ സർക്കാർ നിർദ്ദേശമില്ലാതെയോ യുക്രെയ്‌ന്റെ അതിർത്തികളിലേക്ക് പോകരുതെന്ന് കർശന നിർദേശമുണ്ട്. മുൻകൂട്ടി അറിയിക്കാതെ ഇതിനോടകം നിരവധി വിദ്യാർത്ഥികളാണ് അതിർത്തിയിലെത്തിയത്. അതുകൊണ്ട് തന്നെ ഇവരെ പോളണ്ടിലേക്ക് എത്തിക്കാനുളള നീക്കങ്ങൾ അത്യധികം ശ്രമകരമായി തുടരുകയാണ്. യുദ്ധം വലിയ രീതിയിൽ ബാധിച്ചിട്ടില്ലാത്ത യുക്രെയ്‌നിലെ പടിഞ്ഞാറൻ നഗരങ്ങൾ താരതമ്യേന സുരക്ഷിതമാണെന്നതിനാൽ അവിടെ താമസിക്കുന്ന ഇന്ത്യക്കാരോട് തൽകാലം തുടരണമെന്നാണ് നിർദേശം. വെള്ളം, ഭക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ, പാർപ്പിടം എന്നിവ ലഭ്യമല്ലാത്തവരെ ആദ്യം രക്ഷപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്.