കണ്ണൂർ:രണ്ടാഴ്ചമുമ്പ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഉൽഘാടനം ചെയ്ത സ്ത്രീകളുടെയും കുട്ടികളുടെയും നവീകരിച്ച വാർഡ് ഇതുവരെ തുറന്നില്ല.ആവശ്യമായ ഫർണിച്ചറുകൾ എത്താത്തതാണ് വാർഡിന്റെ പ്രവർത്തങ്ങൾ തുടങ്ങാൻ വൈകാൻ കാരണം.പുതിയ ബ്ലോക്ക് അടുത്ത ദിവസം തന്നെ പ്രവർത്തനം തുടങ്ങുമെന്ന് ഉൽഘാടനം നിർവഹിച്ച ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കിയിരുന്നു.എന്നാൽ വാർഡുകൾ തുറക്കാൻ ഇനിയും രണ്ടാഴ്ച കൂടി വേണ്ടിവരുമെന്നാണ് സൂചന.കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വിഭാഗം ഒപികൾ,അമ്മയ്ക്കും കുഞ്ഞിനുമുള്ള പ്രതിരോധ ചികിത്സ യൂണിറ്റ്, കുടുംബാസൂത്രണ ചികിത്സ യൂണിറ്റ്,കാൻസർ തുടക്കത്തിൽ തന്നെ കണ്ടെത്തുന്നതിനുള്ള മാമ്മോഗ്രാം ഉൾപ്പടെയുള്ള യൂണിറ്റ്,എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. എന്നാൽ നിലവിൽ സ്ത്രീരോഗ,ശിശുരോഗ വിഭാഗം ഒപികൾ മാത്രമാണ് നിലവിൽ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രസവാനന്തര ശുശ്രൂഷകൾക്കായി 50 കിടക്കകൾ സജ്ജീകരിക്കും.മാസ്റ്റർപ്ലാൻ അനുസരിച്ചുള്ള നിർമാണപ്രവർത്തികൾ പൂർത്തിയാകുന്നതോടെ കുട്ടികളുടെ വാർഡ് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് മാറ്റും.