കണ്ണൂർ:ഇരിക്കൂറിൽ സ്ഥാനാർഥിയെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ ഉമ്മൻചാണ്ടി ഇടപെടുന്നു.നാളെ രാവിലെ കണ്ണൂരിൽ എ ഗ്രൂപ്പ് നേതാക്കളുമായി ഉമ്മൻചാണ്ടി ചർച്ച നടത്തും. എ ഗ്രൂപ്പ് കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഉമ്മൻചാണ്ടിയുടെ ഇടപെടൽ.നേരത്തെ കെ സി ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ നടത്തിയ അനുനയ നീക്കം പാളിയിരുന്നു.ഉമ്മൻചാണ്ടി വരുമെന്ന് അറിയിച്ചതോടെ തുടർനടപടികൾക്കായി എ ഗ്രൂപ്പ് ഇന്ന് ചേരാനിരുന്ന യോഗം മാറ്റിവെച്ചു. വിമത സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് അടക്കമുളള കടുത്ത തീരുമാനങ്ങളിലേക്ക് എ വിഭാഗം പോയേക്കില്ലെന്നാണ് സൂചന.അതേസമയം യുഡിഎഫ് സ്ഥാനാർഥി സജീവ് ജോസഫ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളിൽ രണ്ട് ദിവസത്തിനകം പരിഹാരമുണ്ടാകുമെന്ന് നേതൃത്വം ഉറപ്പ് നൽകിയതായി സജീവ് ജോസഫ് പറഞ്ഞു. സജീവ് ജോസഫിനെ മാറ്റില്ലെന്ന് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ ഇന്നലെ വ്യക്തമാക്കിയിരുന്നു.