ബെംഗളൂരു:ചന്ദ്രയാന്‍-2 ചന്ദ്രനെ തൊടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ശനിയാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം ഒന്ന് അന്‍പത്തിയഞ്ചിനാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്നത്.വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് പതിയെ ഇറങ്ങുന്ന 15 നിമിഷങ്ങള്‍ ആണ് ഏറെ നിര്‍ണായകം. ലോകത്ത് ഇതുവരെ നടന്ന സോഫ്റ്റ് ലാന്‍ഡിങ്ങുകളില്‍ മുപ്പത്തിയേഴു ശതമാനം മാത്രമാണ് വിജയിച്ചിട്ടുള്ളത്. എങ്കിലും ഇന്ത്യക്ക് തികഞ്ഞ ആത്മവിശ്വാസമാണുള്ളത്. വിക്രം ലാന്‍ഡര്‍ വിജയകരമായി ചന്ദ്രനില്‍ ഇറങ്ങുന്നതോടെ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ പേടകം ഇറക്കുന്ന ആദ്യ രാജമായി ഇന്ത്യ മാറും.ചരിത്രപരമായ നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നാസ ഗവേഷകരും ക്ഷണിക്കപ്പെട്ട വിദ്യാര്‍ത്ഥികളും പ്രമുഖരും എത്തും.മുന്‍നിര ബഹിരാകാശ ഏജന്‍സികള്‍ പോലും പരാജയപ്പെട്ട ദൗത്യമാണ് ഐഎസ്‌ആര്‍ഒ ഏറ്റെടുത്തിരിക്കുന്നത്. ചന്ദ്രനില്‍ മാന്‍സിനസ് സി, സിംപേലിയസ് എന്‍ എന്നീ ഗര്‍ത്തങ്ങള്‍ക്കിടയിലെ സമതലപ്രദേശത്ത് ആകും ലാന്‍ഡര്‍ ഇറങ്ങുക. വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങിക്കഴിഞ്ഞാല്‍ അതിലെ പ്രഗ്യാന്‍ റോവര്‍ പുറത്തിറങ്ങും. ഈ റോവര്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ നടത്തുന്ന യാത്രയിലാകും ഈ ദൗത്യത്തിലെ പ്രധാന വിവരങ്ങള്‍ വെളിപ്പെടുക. ലാന്‍ഡറില്‍ നിന്ന് ഇറങ്ങുന്ന റോവര്‍ ചന്ദ്രന്റെ മണ്ണിലൂടെ ഉരുണ്ടു നീങ്ങും. റോവറിന്റെ ചക്രത്തില്‍ നിന്ന് ദേശീയ ചിഹ്നമായ അശോക ചക്രം ചന്ദ്രന്റെ മണ്ണില്‍ ഇന്ത്യന്‍ മുദ്രയായി പതിയും. ആ ചരിത്ര നിമിഷത്തെ വരവേല്‍ക്കാന്‍ ഇന്ത്യ മുഴുവന്‍ ഉറങ്ങാതെ കാത്തിരിക്കും. ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും അപ്പോള്‍ ഇന്ത്യയിലേക്കായിരിക്കും.ഒന്നാം ചന്ദ്രയാന്‍ ദൗത്യത്തിന്റെ പതിനൊന്നാം വാര്‍ഷികത്തില്‍ ഒരു വിജയം കൂടി സമ്മാനിക്കാനുള്ള ശ്രമത്തിലാണ് ഐ എസ് ആര്‍ ഒയും ശാസ്ത്രജ്ഞരും.