കണ്ണൂർ:ജില്ലാ കേന്ദ്രീകരിച്ച് നടക്കുന്ന ഓൺലൈൻ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ.തലശ്ശേരി ടെമ്പിൾ ഗേറ്റ് സ്വദേശി സജിത്താണ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായിരിക്കുന്നത്.ഇയാളുടെ പക്കൽ നിന്നും 89,400 രൂപയും പോലീസ് പിടിച്ചെടുത്തു. ഓൺലൈൻ ലോട്ടറി തട്ടിപ്പ് ജില്ലയിൽ വ്യാപകമാണെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പ്രത്യേക പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടുന്നത്.കേരള ലോട്ടറിയുടെ ഓരോ ദിവസവും സമ്മാനം ലഭിക്കുന്ന നമ്പറിന്റെ അവസാന മൂന്നക്കം മുൻകൂട്ടി പ്രവചിക്കുന്നവർക്കാണ് സമ്മാനം നൽകുക.10 രൂപയാണ് ഒരു നമ്പർ എഴുതിനൽകാൻ ഈടാക്കുന്നത്. ഫോണിലെ പ്രത്യേക ആപ്പ് ഉപയോഗിച്ച ഓൺലൈനിലൂടെയാണ് സംഘം തട്ടിപ്പ് നടത്തുന്നത്.ഒന്നാം സമ്മാനത്തിന്റെ അവസാനത്തെ മൂന്നക്കം എഴുതി നൽകുന്നവർക്ക് 25000 രൂപയും രണ്ടാം സമ്മാനത്തിന്റെ നമ്പർ എഴുതിനല്കുന്നവർക്ക് 2500 രൂപയും മൂന്നാം സമ്മാനം എഴുതി നൽകുന്നവർക്ക് 1000 രൂപയും നാലാം സമ്മാനത്തിന് 500 രൂപയും അഞ്ചാം സമ്മാനത്തിന് 100 രൂപയുമാണ് വാഗ്ദാനം ചെയ്യുന്നത്.ജില്ലയിലെ മിക്ക ടൗണുകൾ കേന്ദ്രീകരിച്ചും ഈ സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.