കണ്ണൂർ: ഓണ്‍ലൈന്‍ പഠനസൗകര്യവുമായി ബന്ധപ്പെട്ട് ജില്ലയിലെ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടികള്‍ തദ്ദേശ സ്ഥാപനതലത്തില്‍ ആരംഭിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ യോഗം ചര്‍ച്ച ചെയ്തു. വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുപ്രകാരം ജില്ലയില്‍ 3605 കുട്ടികളാണ് ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നേരിടുന്നത്. വൈദ്യുതി, നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍, ഓണ്‍ലൈന്‍ പഠനോപകരണങ്ങളുടെ അഭാവം തുടങ്ങിയ പ്രശ്‌നങ്ങളാണ് വിദ്യാര്‍ഥികള്‍ നേരിടുന്നത്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പരിശോധന നടത്തി അര്‍ഹരായ കുട്ടികളെ കണ്ടെത്തണമെന്ന് ദിവ്യ പറഞ്ഞു. സ്‌കൂളുകളില്‍ നിയമിതരായ നോഡല്‍ ഓഫിസര്‍മാര്‍, പഠന സഹായ സമിതി, വാര്‍ഡ് മെംബര്‍മാരുടെ മേല്‍നോട്ടത്തിലുള്ള വാര്‍ഡ് ജാഗ്രത സമിതികള്‍ എന്നിവ ചേര്‍ന്ന് പ്രശ്‌നങ്ങള്‍ കണ്ടെത്തി അവ പരിഹരിച്ച് കുട്ടികളുടെ സുഗമമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. അര്‍ഹതയുള്ള ഒരു കുട്ടിക്ക് പോലും സഹായം ലഭിക്കാത്ത അവസ്ഥ വരാതിരിക്കാന്‍ ജനപ്രതിനിധികള്‍ ശ്രദ്ധിക്കണം. ക്വാറികളില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക ഉപയോഗിച്ച് പഠനസഹായം ഒരുക്കാന്‍ കലക്ടര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും ഈ സാധ്യതകള്‍ പരിഗണിക്കുമെന്നും അവര്‍ പറഞ്ഞു.