കണ്ണൂർ:ഹൃദ്രോഗിയായ ഇരിക്കൂർ സ്വദേശിനി ഒരു വയസ്സുകാരി ചികിത്സയ്ക്കായി പോകും വഴി ട്രെയിനിൽ വെച്ച് മരണപ്പെട്ടു.ഇന്നലെ രാത്രി പതിനൊന്നരയോടെ കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷനിലെത്തിയ മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസിലാണു സംഭവം.കണ്ണൂര്‍ ഇരിക്കൂര്‍ കെസി ഹൗസില്‍ ഷമീര്‍-സുമയ്യ ദമ്പതികളുടെ മകള്‍ മറിയം ആണ് മരിച്ചത്.തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ഒരു മാസം മുമ്പ് മറിയത്തിനു ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു.ഇന്നലെ പനി ബാധിച്ചപ്പോള്‍ ഇരിക്കൂറിലെ ഡോക്ടറെ കാണിച്ചു. ശ്രീചിത്രയില്‍ വിളിച്ചപ്പോള്‍ തിരുവനന്തപുരത്തേക്കു കൊണ്ടുവരാന്‍ പറയുകയായിരുന്നു. ഉടന്‍ തന്നെ റെയില്‍വേ സ്‌റ്റേഷനിലെത്തിയെങ്കിലും റിസർവേഷൻ ലഭിച്ചില്ല.തിരക്കേറിയ ജനറൽ ബോഗിയില്‍ കൊണ്ടുപോകുന്നതു നില വഷളാക്കുമെന്നതിനാല്‍ സ്ലീപ്പര്‍ കോച്ചില്‍ കയറി. എന്നാല്‍, ടിക്കറ്റ് പരിശോധകര്‍ ഓരോ കോച്ചില്‍നിന്നും ഇവരെ ഇറക്കിവിടുകയായിരുന്നത്രെ.ഒടുവില്‍ സുമയ്യ കുട്ടിയുമായി ലേഡീസ് കംപാര്‍ട്ട്‌മെന്റിലും ഷമീര്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റിലും കയറി.കുറ്റിപ്പുറത്തെത്തിയപ്പോൾ കുട്ടിയുടെ അവസ്ഥ കണ്ട സഹയാത്രികര്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.