കോഴിക്കോട്: രാജ്യത്തെ തന്നെ ഞെട്ടിച്ച കരിപ്പൂര്‍ വിമാന ദുരന്തത്തിന് ഇന്ന് ഒരാണ്ട് തികയുന്നു. 21 പേരുടെ ജീവനാണ് അന്നത്തെ വിമാന അപകടത്തില്‍ നഷ്ടപ്പെട്ടത്.നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒരു വര്‍ഷമായിട്ടും അപകടത്തിന്റെ കാരണം എന്താണെന്ന് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. ടേബിള്‍ ടോപ്പ് റണ്‍വെയുള്ള കരിപ്പൂരിലെ വികസന പ്രവര്‍ത്തനങ്ങളും നിലച്ചിരിക്കുകയാണ്. വലിയ വിമാന സര്‍വീസുകള്‍ ഇതുവരെ പുനരാരംഭിച്ചിട്ടില്ല. കേരളവും ലോകമെങ്ങുമുള്ള പ്രവാസി സമൂഹം മറക്കാന്‍ ആഗ്രഹിക്കുന്ന ദുരന്തമായിരുന്നു കരിപ്പൂരിലേത്.അപകടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനാല്‍ ഇരകള്‍ക്കുള്ള നഷ്ട പരിഹാരം വൈകുകയാണ്. മരിച്ചവരുടെ ആശ്രിതര്‍ക്ക് എയര്‍ ഇന്ത്യ പ്രഖ്യാപിച്ച സഹായധനം പൂര്‍ണമായി വിതരണം ചെയ്തിട്ടുമില്ല.2020 ഓഗസ്റ്റ് ഏഴിന് രാത്രിയായിരുന്നു നാടിനെ നടുക്കിയ വിമാന ദുരന്തം. 184 യാത്രക്കാരുമായി ദുബൈയില്‍ല്‍ നിന്ന് എത്തിയ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് 1344 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം പത്താം നമ്പർ റണ്‍വേയിലാണ് ലാന്‍ഡിങ്ങിന് അനുമതി നല്‍കിയത്. വിമാനം 13ാം റണ്‍വേയിലാണ് ലാന്‍ഡ് ചെയ്തത്. ലാന്റിങ്ങനായുള്ള പൈലറ്റിന്റെ ആദ്യ ശ്രമം പരാജയപ്പെട്ടു. വീണ്ടും വിമാനം ആകാശത്ത് ഒരു തവണ കൂടി വട്ടമിട്ടു. രണ്ടാം തവണ ലാന്‍ഡിങ്ങിനിടെ ടേബിള്‍ ടോപ്പ് റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറി. ബാരിക്കേഡും മറികടന്ന് വിമാനം താഴ്ചയിലേക്ക് നിലം പതിച്ചു. വിമാനം രണ്ടായി പിളര്‍ന്നു. പൈലറ്റ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാഥെ, സഹ പൈലറ്റ് അഖിലേഷ് അടക്കം 21 പേര്‍ മരിച്ചു. 122 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.കൊവിഡ് സാഹചര്യത്തിലും നാട്ടുകാരുടെയും പോലീസിന്റെയും അഗ്നിരക്ഷാസേനയുടെയും ജീവന്‍ മറന്ന രക്ഷാപ്രവര്‍ത്തനമാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്.