കണ്ണൂർ: തോട്ടട അവേരയിലെ അഗതിമന്ദിരത്തിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ ഒരാള്‍ മരിച്ചു. അന്തേവാസിയായ പിതാംബരന്‍(65) ആണ് മരിച്ചത്. തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴിലുള്ള അഗതിമന്ദിരത്തിലാണ് അന്തേവാസികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഉച്ചയോടെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. വിഷബാധയേറ്റ മറ്റു നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്തില്‍നിന്നാണ് വിഷബാധയുണ്ടായതെന്ന കൃത്യമായ നിഗമനത്തിലെത്താന്‍ ആശുപത്രി അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.ഇതുസംബന്ധിച്ച് അഗതിമന്ദിരം അധികൃതരും വ്യക്തത വരുത്തിയിട്ടില്ല. ആട്ടപ്പൊടിയില്‍നിന്നോ വെള്ളത്തില്‍നിന്നോ ആകാം വിഷബാധയേറ്റതെന്നാണ് സ്ഥാപന അധികൃതര്‍ നല്‍കുന്ന സൂചന. കണ്ണുര്‍സിറ്റി പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സംഭവത്തില്‍ ദൂരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നു. നിരവധി അന്തേവാസികള്‍ താമസിക്കുന്ന അഗതി മന്ദിരത്തിലെ മറ്റാര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിട്ടില്ല. ഒരു മുറിയില്‍ താമസിച്ച ആളുകള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷണത്തില്‍ മുറിയിലെ ആരെങ്കിലും ഒരാള്‍ വിഷം കലര്‍ത്തിയതാവാമെന്നും പോലീസ് സംശയിക്കുന്നു.