കോഴിക്കോട്:നിപ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു.ചങ്ങരോത്ത് സ്വദേശി മൂസയാണ് മരിച്ചത്.വൈറസ് ബാധയെ തുടർന്ന് നേരത്തെ മരിച്ച സഹോദരങ്ങളുടെ പിതാവാണ് ഇയാൾ. അബോധാവസ്ഥയിലായിരുന്ന ഇയാൾ ഇന്ന് പുലർച്ചെയാണ് മരണത്തിനു കീഴടങ്ങിയത്.മൂസയുടെ മക്കളായ മുഹമ്മദ് സാലിഹ്,മുഹമ്മദ് സാബിത്ത്,ബന്ധു മറിയം എന്നിവരാണ് വൈറസ് ബാധയെ തുടർന്ന് ആദ്യം മരണപ്പെട്ടത്.വൈറസ് ബാധയെ തുടർന്ന് ഞായറാഴ്ച മരണമടഞ്ഞ ഷിജിതയുടെ ഭർത്താവ് ഉബീഷിനും വൈറസ് ബാധ സ്ഥിതീകരിച്ചു. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അപകടത്തിൽപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അബീഷിനെ പരിചരിക്കുന്നതിനായി ഷിജിതയും ഒരാഴ്ച ആശുപത്രിയിൽ ഉണ്ടായിരുന്നു.ഇവിടെവെച്ചാണ് രണ്ടുപേർക്കും വൈറസ് ബാധയേറ്റതെന്നു സംശയിക്കുന്നു.അയൽജില്ലയായ കോഴിക്കോട് നിപ വൈറസ് സ്ഥിതീകരിച്ച സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലും കലക്റ്റർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.കണ്ണൂർ ജില്ലാ ആശുപത്രിയിലും തലശ്ശേരി ജനറൽ ആശുപത്രിയിലും പ്രത്യേക വാർഡുകൾ തുറക്കും.നിപ വൈറസ് ബാധിച്ചു മരിച്ച നാദാപുരം സ്വദേശി അശോകനെ പരിചരിച്ച തലശ്ശേരി സ്വദേശിനിയായ നഴ്സിനെയും ഇവരെ ആശുപത്രിയിലെത്തിച്ച ഡ്രൈവറെയും നിരീക്ഷണ വാർഡിലേക്ക് മാറ്റി.