കാസർകോഡ്:പെരിയയിൽ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റിൽ.കല്ല്യോട്ട് സ്വദേശി മുരളി തനിത്തോടിനെയാണ്(35) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.കൊലപാതകത്തിന് ശേഷം പ്രതികൾക്ക് രക്ഷപ്പെടാനായി വാഹനം ഏർപ്പെടുത്തിക്കൊടുത്തത് ഇയാളാണെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. സിപിഎം പ്രവത്തകനാണിയാൾ.കേസിലെ ഏഴാം പ്രതി ഗിരിജന്റെ അച്ഛൻ ശാസ്താ ഗംഗാധരന്റെ ഉടമസ്ഥതയിലുള്ള ക്വാറിയിലെ മേസ്തിരി തൊഴിലാളിയാണ് മുരളി.ശാസ്താ ഗംഗാധരന്റെ കാറാണ് ഇയാൾ പ്രതികൾക്ക് രക്ഷപ്പെടാനായി എത്തിച്ചു നൽകിയത്. ശരത്തിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ ശേഷം എട്ടംഗ കൊലയാളി സംഘം രണ്ടായി പിരിഞ്ഞു.നാലുപേരടങ്ങിയ ഒരു സംഘം ശാസ്താ ഗംഗാധരന്റെ വീടിനടുത്തുള്ള റബ്ബർ തോട്ടത്തിലേക്കും രണ്ടാമത്തെ സംഘം സിപിഎം ഉദുമ ഏരിയ കമ്മിറ്റി ഓഫീസിലേക്കുമാണ് പോയത്.കേസിലെ ഒന്നാം പ്രതി പീതാംബരനടക്കമുള്ള നാലംഗ സംഘമാണ് പാർട്ടി ഓഫീസിലേക്ക് പോയത്.ഇവർക്ക് സഞ്ചരിക്കാനാണ് മുരളി കാർ എത്തിച്ചത്. പിടിയിലായ മുരളിയെ ഇന്ന് ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.