കണ്ണൂർ:കണ്ണൂരിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്സൈസ് ഉദ്യോഗസ്ഥന് മരിച്ചു. കല്യാട് ബ്ലാത്തൂര്‍ സ്വദേശി കെ പി സുനില്‍(28) ആണ് മരിച്ചത്. ഇരുശ്വാസകോശങ്ങളുടെയും പ്രവർത്തനം തകരാറിലായിരുന്നു. ജീവൻ നിലനിർത്തിയിരുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്. രക്തസമ്മർദത്തിലും വ്യതിയാനമുണ്ടായി.പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെവേയാണ് അന്ത്യം.കഴിഞ്ഞ 14നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേ സമയം ഇദ്ദേഹത്തിന് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്താന്‍ വിദഗദ്ധധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചതായി ഡി.എം.ഒ അറിയിച്ചിരുന്നു.ഈ മാസം മൂന്നാം തിയ്യതി അബ്ക്കാരി കേസില്‍ അറസ്റ്റിലായ പ്രതിയെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കുന്നതിന് വേണ്ടി ഡ്രൈവര്‍ ജില്ല ആശുപത്രിയില്‍ എത്തിയിരുന്നു. തുടര്‍ന്ന് പ്രതിയുമായി തോട്ടടയിലെ സര്‍ക്കാര്‍ ക്വാറന്റീന് കേന്ദ്രത്തിലും ഇദ്ദേഹം എത്തിയതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു.ഒരാഴ്ച മുൻപ് ഇദ്ദേഹം തൊണ്ടവേദനയെത്തുടര്‍ന്ന് ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പനിയെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഇവിടുന്ന് പനി മൂര്‍ച്ഛിച്ചതോടെ കഴിഞ്ഞ 14 നാണ് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ സമ്പർക്ക പട്ടികയില്‍ 150 ഓളം പേര് ഉള്‍പ്പെട്ടതായാണ് അരോഗ്യ വകുപ്പ് അധികൃതര്‍ നല്കുന്ന വിവരം. പടിയൂര്‍ പഞ്ചായത്തില്‍ മാത്രം 72 പേര് സമ്പർക്ക പട്ടികയിലുണ്ട്. ഇനിയും കൂടുതല്‍ പേര് സമ്പർക്ക പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് നല്കുന്ന വിവരം. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ഓട്ടോറിക്ഷ ഡ്രൈവറെ കോവിഡ് ലക്ഷണങ്ങളെത്തുടര്‍ന്ന് ഇന്നലെ രാത്രി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എക്സൈസ് ഡ്രൈവറുടെ കുടുംബാംഗങ്ങളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മട്ടന്നൂരില്‍ എക്സൈസ് ഓഫീസും അടച്ചിട്ടിരിക്കുകയാണ്. ഇവിടെയുള്ള ജീവനക്കാര്‍ ക്വാറന്റൈനിലാണ്. ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 21 ആയി.