ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ ഡല്‍ഹി ഐടിഒയില്‍ കര്‍ഷകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു കര്‍ഷകന്‍ മരിച്ചു. പോലീസ് വെടിവെപ്പിനേത്തുടര്‍ന്നാണ് കര്‍ഷകന്‍ മരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചു.എന്നാല്‍ ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ല.ഐടിഒയില്‍ കേന്ദ്ര സേനയും നിലയുറപ്പിച്ചിട്ടുണ്ട്. മരിച്ച കര്‍ഷകന്റെ മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് പോലീസ് കൊണ്ടുപോയെന്ന് കര്‍ഷകര്‍ പറയുന്നു. അതെ സമയം കര്‍ഷകന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ദേശീയ മാധ്യമപ്രവര്‍ത്തകരെ കര്‍ഷകര്‍ തടഞ്ഞു. കേന്ദ്ര സര്‍ക്കാരിനെ അനുകൂലിക്കുന്നു എന്നാരോപിച്ചാണ് കര്‍ഷകര്‍ മാധ്യമങ്ങളെ തടഞ്ഞത്.ട്രാക്ടര്‍ റാലിക്കിടെ പലയിടത്തും സംഘര്‍ഷമുണ്ടായി. പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. വിവിധ സ്ഥലങ്ങളില്‍ ലാത്തിച്ചാര്‍ജും നടന്നു. മൂന്നു വഴികളാണ് മാര്‍ച്ച് നടത്താനായി ഡല്‍ഹി പൊലീസ് കര്‍ഷകര്‍ക്ക് അനുവദിച്ചിരുന്നത്. എന്നാല്‍ ആറിടങ്ങളില്‍ നിന്ന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിച്ചതാണ് സംഘര്‍ഷത്തിന് കാരണം. കര്‍ഷക സമരത്തില്‍ പങ്കെടുക്കാത്തവരും ട്രാക്ടര്‍ റാലിക്ക് എത്തിയിട്ടുണ്ടെന്നാണ് സൂചന.സിംഘുവില്‍ നിന്ന് ഗാസിപൂര്‍ വഴി യാത്രതിരിച്ച സംഘമാണ് ആദ്യം ഡല്‍ഹിയിലെത്തിയത്. പ്രഗതി മൈതാനിലാണ് ഇവര്‍ എത്തിയത്. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ശേഷം വൈകുന്നേരം അഞ്ചുമണിവരെയാണ് റാലി നടത്താന്‍ ഡല്‍ഹി പൊലീസ് സമയം അനുവദിച്ചിരിക്കുന്നത്. നേരത്തെ, ഗാസിപ്പൂരില്‍ പൊലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. റിങ് റോഡില്‍ക്കൂടി കടന്നുപോകാന്‍ ശ്രമിച്ച കര്‍ഷകരെ പൊലീസ് തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.