India, News

തമിഴ്നാട് തൂത്തുക്കുടിയിൽ വീണ്ടും പോലീസ് വെടിവെയ്പ്പ്;ഒരാൾ കൂടി മരിച്ചു

keralanews one died in police firing in thuthukkudi tamilnadu

തൂത്തുക്കുടി: തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് വിരുദ്ധ സമരക്കാർക്ക് നേരെ വീണ്ടും പോലീസ് വെടിവയ്പ്. അണ്ണാ നഗറിലുണ്ടായ പോലീസ് വെടിവയ്പിൽ ഒരാൾ കൂടി മരിച്ചു.അണ്ണാനഗര്‍ സ്വദേശി കാളിയപ്പന്‍ (24)ആണ് മരിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. തൂത്തുക്കുടി എസ്.പി മഹേന്ദ്രന്‍ അടക്കം മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് സംഭവം നടന്നത്.ചൊവ്വാഴ്ചയുണ്ടായ വെടിവയ്പിൽ മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന സർക്കാർ ആശുപത്രിക്ക് പുറത്ത് പ്രതിഷേധവുമായി ഇറങ്ങിയവർക്ക് നേരെയാണു പോലീസ് വെടിവച്ചത്. സ്റ്റെർലൈറ്റ് പ്ലാന്‍റിനെതിരെയും പോലീസിനെതിരെയും പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. ഇതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് വെടിവയ്ക്കുകയായിരുന്നു. അക്രമാസക്തരായ ജനങ്ങൾ ബസിനും തീവെച്ചു.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. രണ്ടില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടി നില്‍ക്കരുതെന്നും പോലീസ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, നിരോധനാജ്ഞ ലംഘിച്ച്‌ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങുകയായിരുന്നു. പലയിടത്തും സമരക്കാര്‍ പോലീസുമായി ഏറ്റുമുട്ടി.രൂക്ഷമായ മലിനീകരണവും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്ന സ്‌റ്റെര്‍ലൈറ്റ് ചെമ്പ് സംസ്‌കരണ ശാല പൂട്ടണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. നൂറ് ദിവസത്തോളമായി ഇവിടെ നാട്ടുകാര്‍ പ്രതിഷേധ പരിപാടികള്‍ നടത്തിവരികെയായിരുന്നു ഇതിനിടെയാണ് വെടിവെപ്പുണ്ടായത്.

Previous ArticleNext Article