കണ്ണൂർ:തലശ്ശേരിയിൽ യുവ അഭിഭാഷക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബ്ലേഡ് സംഘ നേതാവ് അറസ്റ്റില്‍.ചക്കരക്കല്ല് ചെമ്പിലോട് സ്വദേശി ഷനോജാണ് (30)അറസ്റ്റിലായത്. തലശ്ശേരി ബാറിലെ അഭിഭാഷകയായ പ്രിയ രാജീവനെ(38) ഇക്കഴിഞ്ഞ നവംബര്‍ 13 നാണു കടമ്പൂരിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഗള്‍ഫില്‍നിന്ന് ഭര്‍ത്താവ് നാട്ടിലെത്തിയതിന്റെ പിറ്റേദിവസമായിരുന്നു ആത്മഹത്യ.ഭീമമായ കടബാധ്യതയാണു പ്രിയയുടെ ആത്മഹത്യയ്ക്കു കാരണമെന്നു തെളിഞ്ഞിരുന്നു.തുടര്‍ന്നു ബന്ധുക്കളും ലോയേര്‍സ് യൂണിയനും പ്രിയയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനെത്തുടര്‍ന്നു കണ്ണൂര്‍ ഡിവൈഎസ്പി പി.പി.സദാനന്ദന്റെ നിര്‍ദേശത്തില്‍ എടക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചത്. സ്ഥലത്തിന്റെ രേഖകള്‍ നല്‍കി ഷനോജില്‍ നിന്ന് പ്രിയ ആറു ലക്ഷത്തോളം രൂപയാണു വാങ്ങിയതായി പൊലീസ് പറഞ്ഞു. പലപ്പോഴായി പണം തിരികെ നല്‍കിയിരുന്നെങ്കിലും മുതലും പലിശയുമടക്കം ഭീമമായ തുക നല്‍കണമെന്നു ഷനോജിന്റെ നേതൃത്വത്തിലുള്ള ബ്ലേഡ് സംഘം പ്രിയയെ ഭീഷണിപ്പെടുത്തിയിരുന്നു. ഫോണിലൂടെയും വീട്ടിലെത്തിയും ഭീഷണികള്‍ തുടര്‍ന്നപ്പോഴാണു മനംനൊന്തു പ്രിയ ആത്മഹത്യ ചെയ്തതെന്നു പൊലീസ് പറയുന്നു. ഷനോജിന്റെ വീട്ടിലും ബ്ലേഡ് സ്ഥാപനങ്ങളിലും പൊലീസ് പരിശോധന നടത്തിയിരുന്നു.ഇവിടെ നിന്നും പ്രിയ നല്‍കിയ രേഖകള്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
പ്രിയ ബ്ലേഡില്‍നിന്ന് പണമെടുത്ത് വലിയ സാമ്പത്തിക കുരുക്കില്‍പ്പെട്ടതറിഞ്ഞാണ് ഭര്‍ത്താവ് രാജീവന്‍ നാട്ടിലെത്തിയത്. ബ്ലേഡുകാരില്‍നിന്നു മാത്രമല്ല മറ്റ് അഭിഭാഷകരോടും ഇവര്‍ ലക്ഷക്കണക്കിന് രൂപ കടംവാങ്ങിയിട്ടുണ്ട്. ഭര്‍ത്താവ് പ്രതിമാസം 40,000 രൂപയോളം പ്രിയക്ക് അയച്ചുകൊടുക്കുന്നുണ്ട്. അവര്‍ക്ക് സ്വന്തമായും വരുമാനമുണ്ട്.പിന്നെന്തിനാണ് ഇത്രവലിയ തുക ബ്ലേഡില്‍ നിന്നും മറ്റും പലിശയ്‌ക്കെടുത്തതെന്ന് പൊലീസ് അന്വേഷിക്കുകയാണ്. പലരില്‍നിന്നായി ഏകദേശം 16 ലക്ഷത്തോളം രൂപ പ്രിയ കടംവാങ്ങിയതായി പൊലീസ് പറയുന്നു. പ്രിയയുടെ കുടുംബത്തിന്റെ ആവശ്യത്തിനു വേണ്ടിയാണോ പണം കടംവാങ്ങിയതെന്നും അന്വേഷിക്കുന്നുണ്ട്.ഭര്‍ത്താവിന്റെ പേരിലുള്ള വീടും പറമ്പും പണയം വയ്ക്കുന്നതിന് വ്യാജ മുക്ത്യാര്‍ നിര്‍മ്മിച്ചു നല്‍കിയത് തലശേരിയിലെ നോട്ടറിയായ അഭിഭാഷകനാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. അഭിഭാഷകനെയും അന്വേഷണസംഘം ചോദ്യം ചെയ്യുകയുണ്ടായി. ഇതിനിടയില്‍ പ്രിയയുടെ ഫോണ്‍ കോളുകളുടെ വിശദവിവരങ്ങള്‍ സൈബര്‍ സെല്ലില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചു. നിയമപുസ്തകങ്ങള്‍ക്കിടയില്‍ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണില്‍ നിന്ന് മൂന്നുപേരെയാണ് പ്രിയ നിരന്തരം വിളിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഇവരില്‍ ഒരാള്‍ തലശേരി കോടതിയില്‍ ഡ്യൂട്ടിയിലുള്ള കതിരൂര്‍ സ്റ്റേഷനിലെ പൊലീസുകാരനാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഇയാളുമായി രാത്രി പതിനൊന്നിനും പുലര്‍ച്ചെ രണ്ടിനുമിടയില്‍ മണിക്കൂറുകളോളം പ്രിയ സംസാരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്