
കണ്ണൂർ:മുഴപ്പിലങ്ങാട് തെക്കേ കുന്നുമ്പ്രത്ത് പരസ്യ മദ്യപാനം തടഞ്ഞ എസ്ഐയെയും സംഘത്തെയും ആക്രമിച്ച സംഘത്തിലെ ഒരാൾ പിടിയിലായി. മുഴപ്പിലങ്ങാട്ടെ അരുൺ എന്ന അരൂട്ടനാണ്(37) അറസ്റ്റിലായത്.അക്രമത്തിൽ പ്രിൻസിപ്പൽ എസ്‌ഐ മഹേഷ് കണ്ടമ്പത്തിനും രണ്ടു സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു.ചൊവ്വാഴ്ച രാത്രി പതിനൊന്നു മണിയോട് കൂടി തെക്കേ കുന്നുമ്പ്രം മൃത്യുഞ്ജയ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം നടക്കുന്നതിനിടെ റോഡിൽ പരസ്യ മദ്യപാനം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് എസ്‌ഐയും സംഘവും പരിശോധനയ്‌ക്കെത്തിയത്.മദ്യപരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോഴാണ് ഒരു സംഘം പൊലീസുകാരെ ആക്രമിച്ചത്.പ്രിൻസിപ്പൽ എസ്‌ഐയെ തള്ളിയിട്ടതായും പറയുന്നു.എസ്ഐയുടെ കാലിനു പരിക്കേറ്റിട്ടുണ്ട്.അറസ്റ്റിലായ അരുൺ തലശ്ശേരി,പാനൂർ,കൊളവല്ലൂർ എന്നീ സ്റ്റേഷനുകളിൽ വധക്കേസ് ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.ഇയാളെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.സംഭവത്തിൽ കണ്ടാലറിയാവുന്ന 16 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.