കണ്ണൂര്‍: കോവിഡും വിഷപ്പാമ്പിന്റെ കടിയും അതിജീവിച്ച് 11 ദിവസത്തെ ചികിത്സയ്ക്കുശേഷം ഒന്നരവയസ്സുകാരി തിരികെ വീട്ടിലെത്തി. പാമ്പുകടിയേറ്റ കൈവിരല്‍ സാധാരണനിലയിലാവുകയും കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആവുകയും ചെയ്തതോടെ ഇന്നലെയാണ് കുഞ്ഞ് ആശുപത്രി വിട്ടത്.പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലായിരുന്നു ചികിത്സ.ജൂലായ് 21-ന് അര്‍ധരാത്രിയിലാണ് പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ബിഹാറില്‍ അധ്യാപകരായ ദമ്പതിമാരും മക്കളും പാണത്തൂരിലുള്ള വീട്ടില്‍ ക്വാറന്റീനിലായിരുന്നു. അതിനിടയ്ക്കാണ് ജനാല തുറക്കവേ കുഞ്ഞിന് പാമ്പുകടിയേറ്റത്.ക്വാറന്റൈനിലായതിനാൽ മാതാപിതാക്കൾക്ക് പുറത്തിറങ്ങാനും വയ്യ.എന്നാൽ പാമ്പുകടിയേറ്റ കുഞ്ഞിന് അടിയന്തിര ചികിത്സയും വേണം.നിസ്സഹായതയുടെ ആ വലിയ നിമിഷത്തിൽ നിലവിളിച്ചെങ്കിലും ആരും അടുത്തില്ല.അതിനിടയിലാണ് പൊതുപ്രവർത്തകനായ ജിനിൽ മാത്യു വിവരമറിഞ്ഞെത്തി കുഞ്ഞിനേയും കൊണ്ട് ആശുപത്രിയിലേക്കോടിയത്.ആദ്യം കാസർകോഡ് ജില്ലയിലെ ആശുപത്രിയിലും പിന്നീട് വിദഗ്‌ദ്ധ ചികിത്സക്കായി കണ്ണൂർ പരിയാരത്തെ ഗവ.മെഡിക്കൽ കോളേജിലും കോവിഡ് കാലത്തെ വലിയ മാതൃക തീർത്ത് സ്വന്തം ജീവൻ പോലും നോക്കാതെ ആ മനുഷ്യസ്നേഹി കുഞ്ഞുമായി കുതിച്ചത്.ചികിത്സയ്ക്കിടെ നടത്തിയ സ്രവപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.ചികിത്സയ്ക്കുശേഷം ആരോഗ്യം വീണ്ടെടുത്തതോടെ ഐ.സി.യു.വില്‍നിന്ന് വാര്‍ഡിലേക്ക് മാറ്റി.പാമ്പു കടിയേറ്റ കൈവിരല്‍ സാധാരണനിലയിലേക്ക് വരികയും കോവിഡ് രോഗമുക്തി നേടുകയും ചെയ്തതോടെയാണ് ഞായറാഴ്ച കുഞ്ഞ് ആസ്പത്രി വിട്ടത്.
ജൂലൈ 21 അർധരാത്രിയാണ് ഗുരുതരാവസ്ഥയിൽ കുഞ്ഞിനെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എത്തിക്കുന്നത്.ആശുപത്രിയിലെത്തുമ്പോൾ വലത്തേ കൈയ്യുടെ മോതിരവിരലിൽ പാമ്പു കടിച്ച ഭാഗം രക്തയോട്ടം കുറഞ്ഞ് കറുത്തനിറത്തിലായിരുന്നു.ഉടൻതന്നെ നടത്തിയ രക്തപരിശോധനയിൽ ശരീരത്തിനുള്ളിൽ അപകടകരമാം വിധത്തിൽ പാമ്പിൻ വിഷം കലർന്നിട്ടുണ്ടെന്ന് മനസ്സിലായതിനാൽ ഐസിയു വില പ്രവേശിപ്പിക്കുകയും ആന്റി സ്‌നേക് വെനം നൽകി അടിയന്തിര ചികിത്സ ആരംഭിക്കുകയും ചെയ്തു.തുടർന്ന് നടത്തിയ സ്രവപരിശോധനയിൽ കുട്ടിക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെ അതിനുള്ള ചികിത്സയും തുടങ്ങി.ആരോഗ്യനില വീണ്ടെടുത്തതോടെ കുട്ടിയെ വാർഡിലേക്ക് മാറ്റി.ഇപ്പോൾ വിഷമേറ്റ കൈവിരൽ സാധാരണ നിലയിലേക്ക് എത്തുകയും കോവിഡ് രോഗമുക്തി നേടുകയും ചെയ്തു.10 വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് കോവിഡ് ബാധിച്ചാല്‍ മാറ്റിയെടുക്കുക പ്രയാസകരമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പറയുന്നത്. നേരത്തെ ഒരുവയസ്സും 10 മാസവും പ്രായമുള്ള കുട്ടിയും രണ്ടുവയസ്സുള്ള മറ്റൊരു കുട്ടിയും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്‌പത്രിയില്‍നിന്ന് കോവിഡ് രോഗമുക്തി നേടിയിട്ടുണ്ട്.ശിശുരോഗവിഭാഗം മേധാവി ഡോ. എം.ടി.പി. മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് കുഞ്ഞിനെ ചികിത്സിച്ചത്.കുഞ്ഞ് ക്വാറന്റീനിലായിരുന്നത് നോക്കാതെ പരമാവധി വേഗത്തില്‍ ആസ്പത്രിയിലെത്തിച്ച ജിനില്‍ മാത്യുവിന്റെ സാഹസികത അവളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായകമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ കെ.എം. കുര്യാക്കോസിന്റെയും മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ. സുദീപിന്റെയും നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍.