കണ്ണൂർ:ഓണത്തിനാവശ്യമായ പച്ചക്കറികൾ സ്വന്തം വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കുക എന്ന സന്ദേശം നൽകി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് രൂപം നൽകിയ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിക്ക് തുടക്കമായി.വീട്ടമ്മമാർ, ക്ലബ്ബുകൾ, വിദ്യാർഥികൾ എന്നിങ്ങനെ എല്ലാ വിഭാഗത്തെയും പങ്കെടുപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനാവശ്യമായ നടീൽ വസ്തുക്കൾ കൃഷി വകുപ്പ് നൽകും.ഏറ്റവും മികച്ച രീതിയിൽ തോട്ടമൊരുക്കുന്നവർക്കു ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ക്യാഷ് പ്രൈസ് നൽകും.ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കു യഥാക്രമം ഒരുലക്ഷം, 50,000, 25,000 രൂപ വീതമാണ് സംസ്ഥാന അവാർഡുകൾ.ക്ലസ്റ്റർ അടിസ്ഥാനത്തിൽ പച്ചക്കറി കൃഷി ചെയ്യുന്നതിനു ഹെക്‌ടറിന് 15000 രൂപ സ്ഥല സബ്‌സിഡി നൽകും. തരിശുഭൂമിയിൽ കൃഷി ചെയ്യുന്നതിനു ഹെക്‌ടറിന് 30000 രൂപയാണ് ധനസഹായം.ജലസേചനാവശ്യത്തിനു പമ്പ് സെറ്റും വളംചേർക്കൽ യൂണിറ്റ് സ്ഥാപിക്കുന്നതിനു സബ്‌സിഡിയും നൽകും.മഴമറ കൃഷി, സസ്യസംരക്ഷണ ഉപകരണങ്ങൾ എന്നിവയ്ക്കും ധനസഹായം നൽകും. മികച്ച ക്ലസ്റ്ററുകൾക്കു വിപണന സൗകര്യം ഉൾപ്പെടെ ഒരുക്കുന്നതിന് 6.3 ലക്ഷം രൂപ വരെ അനുവദിക്കും. കൂടുതൽ വിവരങ്ങൾ അതതു കൃഷിഭവനുകളിൽ ലഭിക്കും.