കണ്ണൂർ:ഓണക്കാലത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കുന്നു. ഭക്ഷ്യോൽപ്പന്നങ്ങളിൽ ചായപ്പൊടി,പാൽ,ചെറുപയർപരിപ്പ് എന്നിവ പ്രത്യേകമായി പരിശോധിക്കും.ഓണക്കാലത്ത് പ്രയാസത്തിനും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന ഉല്പന്നങ്ങളെന്ന നിലയിലാണ് പാലും ചെറുപയർ പരിപ്പും പരിശോധിക്കുന്നത്.ചായപ്പൊടിയുടെ പരിശോധന ജില്ലയിൽ നേരത്തെ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് ചേർന്ന ഭക്ഷ്യ സുരക്ഷാ വകുപ്പ് യോഗത്തിലെ നിർദേശങ്ങൾ അനുസരിച്ചാണ് പരിശോധന നടത്തുന്നത്.നിറം ലഭിക്കുന്നതിനായി ചായപ്പൊടിയിൽ വ്യാജപ്പൊടികൾ കലർത്തുന്നുണ്ടെന്ന പരാതി ഭക്ഷ്യ സുരക്ഷാ വകുപ്പിന് ലഭിച്ചിരുന്നു.അതുപോലെ തന്നെ നിർമാതാക്കളുടെ പേര് രേഖപ്പെടുത്താതെ ടിന്നുകളിൽ നെയ്യ് വ്യാപകമായി എത്തുന്നതായും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ഇവ കണ്ടെത്തിയ കടയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിർമാതാക്കളെ കുറിച്ച് അന്വേഷണം നടത്തി വരുന്നുണ്ട്. ആരാധനാലയങ്ങളിലേക്കാണ് ഇവ എത്തിക്കുന്നതെന്നാണ് കടയുടമകൾ പറയുന്നതെങ്കിലും ഇത്തരം നെയ്യ് കല്യാണവീടുകളിലേക്കും മറ്റും എത്തിക്കുന്നതായും ഭക്ഷ്യ സുരക്ഷാ വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്.തമിഴ്‌നാട്ടിൽ നിന്നാണ് ഇവ എത്തുന്നതെന്നാണ് പ്രാഥമിക നിഗമനം. അതുപോലെ തന്നെ സസ്യഎണ്ണയുടെ പായ്‌ക്കറ്റിനു മുകളിൽ തേങ്ങയുടെ ചിത്രം പതിപ്പിച്ച് വെളിച്ചെണ്ണയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽപ്പന നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.