ന്യൂഡല്‍ഹി:കൊറോണ വൈറസിന്റെ പുതിയ വകഭേദം വിവിധ രാജ്യങ്ങില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര ഉന്നതതല യോഗം വിളിച്ചു.നിലവില്‍ രാജ്യത്തെ സാഹചര്യവും, പുതിയ വകഭേദത്തെ പ്രതിരോധിക്കാന്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. രാവിലെ 10.30നാണ് യോഗം ചേരുന്നത്.അതിതീവ്ര വ്യാപനശേഷിയുള്ള ബി.1.1.529 വകഭേദമായ ഒമിക്രോണ്‍ ആഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ആഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അമേരിക്ക, കാനഡ, സൗദി അറേബ്യ, സൈപ്രസ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. കൊറോണയുടെ തീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തെക്കാള്‍ അതിതീവ്ര വ്യാപനശേഷിയുള്ളതാണ് ഈ വകഭേദമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. അഞ്ച് തെക്കേ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബോട്‌സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്വെ, നമീബിയ എന്നിവയാണ് ഈ രാജ്യങ്ങള്‍. ഹോങ്കോങ്, ഇസ്രയേല്‍, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്.ഈ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്കും അവരുമായി സമ്പർക്കത്തിലുള്ളവര്‍ക്കും കര്‍ശന പരിശോധന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.