ന്യൂഡല്‍ഹി:കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ‘ഒമിക്രോണ്‍’ വ്യാപനത്തിന്റെ ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തില്‍ പ്രായമായവര്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും വാക്സിന്റെ മൂന്നാം ഡോസ് നല്‍കുന്നകാര്യം പരിഗണനയില്‍.പ്രതിരോധ കുത്തിവെപ്പുമായി ബന്ധപ്പെട്ട ദേശീയ സാങ്കേതികസമിതി ഇക്കാര്യത്തില്‍ ഉടനെ ശുപാര്‍ശ നല്‍കിയേക്കും.അന്തിമതീരുമാനം എടുക്കേണ്ടത് ആരോഗ്യമന്ത്രാലയമാണ്. കോവിഡ് മൂലം മരിച്ചവരില്‍ കൂടുതലും വാക്സിന്‍ എടുക്കാത്തവരാണ്. വൈറസിന്റെ വകഭേദത്തെ പ്രതിരോധിക്കാന്‍ ബൂസ്റ്റര്‍ ഡോസിന് സാധിക്കുമെന്നാണ് കരുതുന്നത്. രോഗത്തിന്റെ തീവ്രതയും മരണവും തടയുന്നതിന് ബൂസ്റ്റര്‍ ഡോസ് പ്രയോജനപ്പെടും.രണ്ടുഡോസുകളിലൂടെ ലഭിച്ച പ്രതിരോധശേഷി കുറച്ചു മാസങ്ങള്‍ കഴിയുമ്പോൾ കുറഞ്ഞുവരും. മറ്റുരോഗങ്ങള്‍ ഉള്ളവരിലും പ്രായമേറിയവരിലുമാണ് പ്രതിരോധശേഷി വേഗം കുറയുന്നത്. ഈ സാഹചര്യത്തിലാണ് ബൂസ്റ്റര്‍ ഡോസ് അനിവാര്യമാകുന്നത്. അതേസമയം, ചില രാജ്യങ്ങള്‍ ഇതിനോടകം തന്നെ ബൂസ്റ്റര്‍ ഡോസ് നല്‍കിത്തുടങ്ങി. ഇസ്രയേലാണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്നില്‍. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാനുള്ള അന്തിമതീരുമാനവും കേന്ദ്രസര്‍ക്കാര്‍ ഉടനെ എടുത്തേക്കും. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിലും എന്നു തുടങ്ങണമെന്ന് തീരുമാനിച്ചിട്ടില്ല. രോഗമുള്ള കുട്ടികള്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കുമാണ് മുന്‍ഗണന.