തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സ്കൂളുകള്‍ പൂര്‍ണതോതില്‍ തുറക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. കോവിഡാനന്തര രോഗങ്ങളെക്കുറിച്ച് അധ്യാപകരില്‍ പൊതുധാരണ ഉണ്ടാക്കണം. സ്കൂളുകളില്‍ എത്തുന്ന കുട്ടികള്‍ക്ക് കോവിഡ് രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യപരിരക്ഷ നല്‍കണമെന്നും യോഗം നിര്‍ദേശിച്ചു.ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് കണ്ടെത്താന്‍ പരിശോധനകളും നിരീക്ഷണവും വ്യപകമാക്കും. ഇത്തരം ക്ലസ്റ്ററുകളില്‍ ജനിതക ശ്രേണീകരണം വര്‍ധിപ്പിക്കും.മാസ്ക് ധരിക്കുന്ന കാര്യത്തില്‍ കര്‍ശന നിലപാട് തുടരണം. മൂന്ന് പാളി മാസ്ക്കോ എന്‍ 95 മാസ്ക്കോ ആയിരിക്കണം. ശബരിമലയില്‍ കഴിഞ്ഞദിവസം ചില ഇളവുകള്‍ അനുവദിച്ചിരുന്നു. അവിടെ ഒരു തരത്തിലും ജാഗ്രതക്കുറവ് പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.