Kerala, News

ഒമൈക്രോണ്‍; മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്;രാജ്യാന്തര യാത്രക്കാര്‍ക്ക് ഏഴ് ദിവസം ക്വാറന്റീന്‍

keralanews omicron health minister veena george says precautionary measures have been taken seven day quarantine for international travelers

തിരുവനന്തപുരം:വിദേശ രാജ്യങ്ങളില്‍ കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശമുസരിച്ച്‌ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.യു.കെ. ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളും, മറ്റ് 11 രാജ്യങ്ങളും ഹൈ റിസ്‌ക് രാജ്യങ്ങളാണെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നു വരുന്നവരെ പ്രത്യേകം നിരീക്ഷിക്കുന്നതായിരിക്കും. ഇവര്‍ക്ക് വിമാനത്താവളങ്ങളില്‍ അര്‍ടിപിസിആര്‍ പരിശോധന നടത്തുന്നതാണ്. പരിശോധന നടത്തി ഫലം നെഗറ്റീവാണെങ്കില്‍ ഹോം ക്വാറന്റീനിലായിരിക്കണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. അതുകഴിഞ്ഞ് വീണ്ടും 7 ദിവസം വരെ സ്വയം നീരീക്ഷണം തുടരണം. പോസിറ്റീവായാല്‍ അവരെ പ്രത്യേകം സജ്ജീകരിച്ച വാര്‍ഡുകളില്‍ പ്രവേശിപ്പിച്ച്‌ ചികിത്സ ഉറപ്പ് വരുത്തും. അവര്‍ക്കായി പ്രത്യേകം വാര്‍ഡുകള്‍ ക്രമീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനം ജീനോമിക് സര്‍വയലന്‍സ് നേരെത്തെ തന്നെ തുടര്‍ന്നു വരികയാണ്. ജിനോമിക് സര്‍വലന്‍സ് വഴി കേരളത്തില്‍ ഇതുവരേയും ഒമൈക്രോണ്‍ വേരിയന്റ് കണ്ടെത്തിയിട്ടില്ല. ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ 5 ശതമാനം പേരുടെ സാംപിളുകൾ ഇത്തരത്തില്‍ പരിശോധനയ്ക്ക് അയക്കണമെന്നാണ് കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശം. ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവരും സ്വയം നിരീക്ഷണം നടത്തണം.നാല് വിമാനത്താവളങ്ങളിലും ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളുമായി സഹകരിച്ച്‌ ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുന്നതാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എല്ലാവരും കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. എല്ലാവരും മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിക്കാനും, സാമൂഹിക ആകലം പാലിക്കാനും ശ്രദ്ധിക്കണം. വാക്‌സിനെടുക്കാത്തവര്‍ എത്രയും വേഗം വാക്‌സിന്‍ എടുക്കേണ്ടതാണെന്നും മന്ത്രി നിർദേശിച്ചു.

Previous ArticleNext Article