തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു.ഇതോടെ ആകെ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം അഞ്ചായി.നാല് പേരിൽ രണ്ട് പേർ സമ്പർക്ക രോഗികളാണ്. ആദ്യം ഒമിക്രോൺ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ഭാര്യയ്‌ക്കും, ഭാര്യാ മാതാവിനുമാണ് രോഗം കണ്ടെത്തിയത്. ഇതിന് പുറമേ യുകെ, കോംഗോ എന്നിവിടങ്ങളിൽ നിന്നു വന്നവർക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ യുകെയിൽ നിന്നെത്തിയ ആൾ തിരുവനന്തപുരം സ്വദേശിയും, കോംഗോയിൽ നിന്നെത്തിയ ആൾ എറണാകുളം സ്വദേശിയുമാണ്.എറണാകുളം സ്വദേശിയ്‌ക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെ ഭാര്യയ്‌ക്കും ഭാര്യമാതാവിനും കൊറോണ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ജനിതക പരിശോധനയ്‌ക്കായി അയച്ച ഫലത്തിലാണ് ഒമിക്രോൺ കണ്ടെത്തിയത്. കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ച വിവരം ആരോഗ്യമന്ത്രി വീണാ ജോർജാണ് അറിയിച്ചത്. രോഗം കണ്ടെത്തിയവരിൽ എല്ലാവരും വാക്‌സിൻ സ്വീകരിച്ചവരാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, ജാഗ്രത പാലിക്കണമെന്നും മന്ത്രി അറിയിച്ചു.നിലവിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ കോണ്‍ടാക്റ്റ് തിരിച്ചറിഞ്ഞിട്ടുണ്ട്. വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നവരെ അടക്കം തിരിച്ചറിഞ്ഞ് ക്രമീകരണം ചെയ്തിട്ടുണ്ടെന്ന് വീണാ ജോര്‍ജ് അറിയിച്ചു.