കൊച്ചി: സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചു.യുകെയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.ആരോഗ്യമന്ത്രി വീണ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ഇയാളുടെ ഭാര്യയും മാതാവും കൊറോണ പോസിറ്റീവ് ആയി.യുകെയിൽ നിന്ന് അബുദാബിയിൽ എത്തിയ ശേഷം ആറാം തീയ്യതിയാണ് ഇയാൾ കൊച്ചിയിലെത്തിയത്. വിമാനത്താവളത്തിൽ എത്തിയ ശേഷം നടത്തിയ പരിശോധയിൽ ഒമിക്രോൺ സ്ഥിരീകരിച്ച വ്യക്തിയുടേയും, ഭാര്യയുടേയും കൊറോണ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ ഒരാഴ്ചയ്‌ക്ക് ശേഷം കൊറോണ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് അദ്ദേഹം പരിശോധ നടത്തുകയായിരുന്നു. ഇതിലാണ് കൊറോണ സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ ജനിതക പരിശോധനയിൽ ഒമിക്രോണും സ്ഥിരീകരിക്കുകയായിരുന്നു. ഇയാളെ പ്രത്യേക നിരീക്ഷണ വാർഡിലേക്ക് മാറ്റി.എത്തിഹാത്ത് ഇ.വൈ 280 വിമാനത്തിലാണ് ഇയാൾ സംസ്ഥാനത്ത് എത്തിയത്.വിമാനത്തിൽ ഉണ്ടായിരുന്ന 149 പേരെയും ഇക്കാര്യം അറിയിച്ചതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഇതോടെ രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 38 ആയി വർദ്ധിച്ചു.അതേസമയം ഇയാൾക്കൊപ്പം യാത്ര ചെയ്തവരുടെ സാമ്പിളുകൾ ഇന്ന് പരിശോധിക്കും. ഹൈ റിസ്‌ക് പട്ടികയിൽ ഉൾപ്പെടുന്ന ആറ് പേരുടെ സാമ്പിളുകളാണ് പരിശോധനയ്‌ക്ക് വിധേയമാക്കുക. വിമാനത്തിൽ 26 മുതൽ 32 വരെ സീറ്റുകളിൽ യാത്ര ചെയ്തവരാണ് ഇവർ.നിലവിൽ ഇവർ നിരീക്ഷണത്തിൽ കഴിയുകയാണ്. നിരീക്ഷണ കാലാവധി ഇന്നോടെ ഒരാഴ്ച പിന്നിടും. ഈ സാഹചര്യത്തിലാണ് ഇവരെ പരിശോധനയ്‌ക്ക് വിധേയരാക്കുന്നത്.