പാലക്കാട്: പാലക്കാട് കോഴി മാലിന്യ സംസ്‌കരണ യൂണിറ്റിലെ ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 34 പേർക്ക് പരിക്കേറ്റു.അഞ്ച് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.ആറ് അഗ്നിശമന സേന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടുകൂടിയാണ് അമ്പലപ്പാറ തോട്ടുക്കാട് മലയിൽ പ്രവർത്തിക്കുന്ന മാലിന്യ സംസ്‌കരണ യൂണിറ്റിൽ പൊട്ടിത്തെറി ഉണ്ടായത്.ഫാക്ടറിയിലെ വിറക് പുരയ്‌ക്കാണ് ആദ്യം തീപിടിച്ചത്. തുടർന്ന് നാട്ടുകാരും ഫാക്ടറിയിലെ ജീവനക്കാരും മണ്ണാർകാട് അഗ്നിശമന സേനയും ചേർന്ന് തീ അണയ്‌ക്കാൻ ശ്രമിച്ചു. ഇതിനിടെ വിറക് പുരയ്‌ക്ക് സമീപത്തുണ്ടായിരുന്ന ടാങ്കിലേക്ക് തീ പടർന്ന് പിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ മണ്ണാർക്കാട്ടെയും പെരിന്തൽമണ്ണയിലേയും വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫാക്ടറയിൽ ട്രയൽ റൺ നടത്തുമ്പോൾ ടാങ്കിൽ നിന്നും ഓയിൽ ചോർന്നതാണ് തീ പടരാൻ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.