ന്യൂഡൽഹി:തുടര്‍ച്ചയായി പതിനൊന്നാം ദിവസവും രാജ്യത്ത് ഇന്ധന വില കുതിക്കുന്നു. പെട്രോള്‍ ലിറ്ററിന് 16 പൈസയും, ഡീസല്‍ ലിറ്ററിന് 19 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ചൊവ്വാഴ്ച ലിറ്ററിന് 79.31 രൂപയാണ് ഡല്‍ഹിയിലെ പെട്രോള്‍ വില, ഡീസലിന് 71.34 രൂപയുമാണ്. മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 86.72 രൂപയായും, ഡീസല്‍ വില ലിറ്ററിന് 75.74 രൂപയായും ഉയര്‍ന്നു. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 82.7 രൂപയും, ഡീസലിന് ലിറ്ററിന് 76.41 രൂപയുമാണ് വിലയുള്ളത്. കഴിഞ്ഞ അഞ്ച് മാസം കൊണ്ട് ഡീസല്‍ വില ലിറ്ററിന് 4.66 രൂപയും, പെട്രോള്‍ വില ലിറ്ററിന് 6.35 രൂപയുമാണ് വര്‍ധിച്ചത്.രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് വില കൂടാന്‍ കാരണമാകുന്നത്. അതേസമയം വിലവർധനയ്ക്ക് കാരണം ബാഹ്യഘടകങ്ങളാണെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.അസംസ്‌കൃത എണ്ണയുത്പാദനം കുറഞ്ഞു.ഉത്പാദനം പ്രതിദിനം പത്തുലക്ഷം വീപ്പയാക്കാമെന്ന് ഒപെക് പറഞ്ഞിരുന്നെങ്കിലും അത് നടപ്പായില്ലെന്നും മന്ത്രി വ്യക്തമാക്കി.