തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളുമായി ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും.ചര്‍ച്ചയില്‍ മന്ത്രിമാര്‍ പങ്കെടുക്കില്ല.ഇന്ന് വൈകിട്ട് 4.30 നാണ് ചര്‍ച്ച.26 ദിവസമായി തുടരുന്ന സമരത്തില്‍ ആദ്യമായാണ് സര്‍ക്കാര്‍ ചര്‍ച്ച തയാറാകുന്നത്. ചര്‍ച്ചയില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസും എ.ഡി.ജി.പി മനോജ് ഏബ്രഹാമുമാണ് പങ്കെടുക്കുക. ഉദ്യോഗാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് ലയ രാജേഷ് ഉള്‍പ്പെടെ മൂന്ന് പേര്‍ പങ്കെടുക്കും.സമരം ചെയ്യുന്ന എല്ലാ വിഭാഗം ഉദ്യോഗാര്‍ഥികളുടെ പ്രതിനിധികളും ആവശ്യങ്ങള്‍ ഉദ്യോഗസ്ഥരെ അറിയിക്കും.സര്‍ക്കാരിന്‍റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി തന്നെ ചര്‍ച്ചക്ക് തയാറാവണമെന്ന് നിര്‍ബന്ധമില്ലെന്നും സമരക്കാരുടെ നേതാവ് ലയ രാജേഷ് പ്രതികരിച്ചു.ഇന്ന് ഉച്ചയോടെയാണ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ട് സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഉദ്യോഗാര്‍ഥികളുടെ പ്രതിനിധികള്‍ക്ക് കത്ത് നല്‍കിയത്. സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തണമെന്ന് ഇന്നലെ സി.പി.എം സെക്രട്ടേറിയറ്റ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.ചര്‍ച്ച വേണ്ടെന്ന നിലപാട് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നു എന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. തുടര്‍ന്നാണ് സമരം ചെയ്യുന്നവരുമായി ചര്‍ച്ചക്കില്ലെന്ന നയം സര്‍ക്കാര്‍ തിരുത്തിയത്.