തിരുവനന്തപുരം:ഓഖി ദുരിതാശ്വാസത്തിനായി 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.കേരളത്തിന്റെ ഈ ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.ഗവ.ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രി സഹായം ഉറപ്പുനൽകിയത്.ഓഖി ദുരന്തം വിലയിരുത്തുന്നതിനായി തിരുവനന്തപുരത്തെത്തിയതായിരുന്നു പ്രധാനമന്ത്രി.ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനും തീരദേശ പ്രദേശങ്ങൾ പുനർനിർമ്മിക്കുന്നതിനുമായിട്ടാണ് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരിക്കുന്നത്.ഓഖി ദുരന്തത്തെ ദേശീയ ദുരന്തമായി കണക്കാക്കി സഹായം അനുവദിക്കണമെന്ന് മുഖ്യമന്തി ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ പ്രധാനമന്ത്രി പ്രത്യേക മറുപടി നൽകിയില്ല.ദുരിത ബാധിതരെ രക്ഷിക്കാനും പുനരധിവസിപ്പിക്കാനും സാധ്യമായതെല്ലാം സംസ്ഥാന ഗവണ്മെന്റ് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.ദേശീയ ദുരന്ത നിവാരണ ഫണ്ടിന്റെ മാർഗരേഖ പ്രകാരം കണക്കാക്കിയ നഷ്ട്ടം 422 കോടി രൂപയാണ്.എന്നാൽ ഈ തുക തീർത്തും അപര്യാപ്തമായതു കൊണ്ടാണ് പ്രത്യേക പാക്കേജ് ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
Kerala, News
ഓഖി ദുരന്തം;കേരളം കേന്ദ്രത്തോട് 7340 കോടി രൂപ ആവശ്യപ്പെട്ടു
Previous Articleകതിരൂരിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു