Kerala

നഴ്സുമാരുടെ സമരം ഇരുപത്തിമൂന്നാം ദിനം; കൂടുതല്‍ പേരെ പിരിച്ചുവിടുമെന്ന് കെ.വി.എം ആശുപത്രി

keralanews nurses strike on 23rd day more nurses will be dismissed

ആലപ്പുഴ:മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് ലംഘിച്ച് നഴ്സുമാരെ പിരിച്ചുവിട്ട ചേര്‍ത്തല കെ.വി.എം ആശുപത്രിക്കു മുൻപിൽ നഴ്സുമാരുടെയും രക്ഷിതാക്കളുടെയും മെഴുകുതിരി പ്രദക്ഷിണം. രണ്ടുമന്ത്രിമാര്‍ നേരിട്ട് ചര്‍ച്ച നടത്തിയിട്ടും പിരിച്ചുവിട്ട നേഴ്സുമാരെ തിരിച്ചെടുക്കാന്‍ ആശുപത്രി അധികൃതർ തയ്യാറായില്ല. കരാര്‍ അവസാനിക്കുന്നതിനനുസരിച്ച് കൂടുതല്‍ നഴ്സുമാരെ പിരിച്ചുവിടുമെന്നും ആശുപത്രി മാനേജ്‌മെന്റ്. ചേര്‍ത്തല കെ.വി.എം ആശുപത്രിയില്‍ നേഴ്സുമാര്‍ അനിശ്ചിതകാല സമരം ആരംഭിച്ച ശേഷം തൊഴില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ആശുപത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടിരുന്നു. സമരത്തില്‍ പങ്കെടുത്ത നഴ്സുമാര്‍ക്കെതിരെ പ്രതികാര നടപടി ഉണ്ടാവരുതെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം പൂര്‍ണമായും ലംഘിക്കുന്ന നടപടി പിന്‍വലിച്ച് പിരിച്ചുവിട്ട രണ്ട് നഴ്സുമാരെ തിരിച്ചെടുക്കണമെന്ന ആവശ്യം മാനേജ്‌മെന്റ് അംഗീകരിച്ചില്ല. തുടര്‍ന്നാണ് സമരം ചെയ്യുന്ന നഴ്സുമാരെ സന്ദര്‍ശിച്ച സംസ്ഥാന മന്ത്രിമാര്‍ തന്നെ ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തിയത്. ആദ്യം തോമസ് ഐസകും പിന്നീട് പി തിലോത്തമനും ചര്‍ച്ച നടത്തി. പക്ഷേ നിലപാടില്‍ നിന്ന് ആശുപത്രി മാനേജ്മെന്റ് പിറകോട്ടു പോയില്ലെന്ന് മാത്രമല്ല, കരാര്‍ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് 22 നേഴ്സുമാരെ പിരിച്ചുവിടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. വേണമെങ്കില്‍ ഇതില്‍ 4 പേരെ മാത്രം നിലനിര്‍ത്താമെന്നാണ് പി തിലോത്തമനുമായുള്ള ചര്‍ച്ചയില്‍ ആശുപത്രി മാനേജ്മെന്റ് മുന്നോട്ടുവെച്ച ഒത്തു തീര്‍പ്പ് ഫോര്‍മുല.പ്രാദേശികമായി നിരവധി സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒരു ഒത്തു തീര്‍പ്പ് വ്യവസ്ഥയ്ക്കും വഴങ്ങില്ലെന്ന നിലപാടാണ് ആശുപത്രി അധികൃതര്‍ ആവര്‍ത്തിക്കുന്നത്.

Previous ArticleNext Article