
കണ്ണൂർ: മിനിമം വേതനം കൂട്ടാത്തതിൽ പ്രതിഷേധിച്ചു ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം അഞ്ചാം ദിവസത്തിലേക്ക്. കണ്ണൂർ ധനലക്ഷ്മി, ആശിർവാദ്, കൊയിലി, സ്പെഷ്യാലിറ്റി,തളിപ്പറമ്പ് ലൂർദ് ആശുപത്രി എന്നിവിടങ്ങളിലെ നഴ്സുമാരാണ് ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജോലിക്കു ഹാജരാകാതെ സമരം നടത്തുന്നത്. ആശുപത്രികളിൽ അടിയന്തര സാഹചര്യമുണ്ടായാൽ നഴ്സുമാരുടെ സേവനം ലഭ്യമാക്കാൻ സമരപ്പന്തലിൽ അഞ്ചു വീതം പേരെ സജ്ജമാക്കിയാണ് സമരം.അതേസമയം നഴ്സുമാർ അഞ്ചു മുതൽ ജില്ലയിലെ നാല് ആശുപത്രികളിൽ കൂടി സമരം തുടങ്ങും.പയ്യന്നൂരിലെ സബ, അനാമയ, കണ്ണൂരിലെ അശോക, കിംസ്റ്റ് എന്നീ ആശുപത്രികളിലാണ് സമരം ആരംഭിക്കുന്നത്.നഴ്സുമാരുടെ സമരം ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചു കഴിഞ്ഞു. പുതുതായി രോഗികളെ കിടത്തിചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നില്ല.