കണ്ണൂർ:ജില്ലയിലെ നഴ്സുമാരുടെ സമരം രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ ജനകീയ സമരസമിതി ഏറ്റെടുത്തു. 19നു രാവിലെ പത്തിനു പതിനായിരത്തോളം പേരെ പങ്കെടുപ്പിച്ചു കലക്ടറേറ്റിലേക്ക് ബഹുജന മാർച്ച് നടത്താൻ സമിതി തീരുമാനിച്ചു. നഴ്സുമാർക്ക് പകരം നഴ്സിങ് വിദ്യാർഥികളെ ആശുപത്രികളിൽ നിയോഗിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കം അംഗീകരിക്കാനാകില്ലെന്നു സമരസമിതി വ്യക്തമാക്കി.ജനകീയ സമര സമിതിയുടെ ചെയർമാനായി കെപിസിസി എക്സിക്യൂട്ടീവ് അംഗം മാർട്ടിൻ ജോർജിനെയും ജനറൽ കൺവീനറായി ഡോ.ഡി.സുരേന്ദ്രനാഥിനെയും വർക്കിങ് ചെയർമാനായി ജിതേഷ് കാഞ്ഞിലേരിയെയും ട്രഷററായി പി.പ്രശാന്തിനെയും തിരഞ്ഞെടുത്തു.ഭരണകൂടത്തിന്റെ ഈ തീരുമാനത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഐഎൻഎ നേതൃത്വം അറിയിച്ചു.ആശുപത്രികളിലേക്ക് ഡ്യൂട്ടിക്കായി എത്തിക്കുന്ന നഴ്സിങ് വിദ്യാർഥികളെ തടയില്ല. ഉപാധികളില്ലാതെ ചർച്ചയ്ക്ക് സർക്കാർ വിളിച്ചാൽ പങ്കെടുക്കും. പ്രശ്നം സംബന്ധിച്ചു പ്രധാനമന്ത്രി, കേന്ദ്ര തൊഴിൽമന്ത്രി,കേന്ദ്ര ആരോഗ്യമന്ത്രി എന്നിവർക്ക് നിവേദനം നൽകുമെന്നും എൻഐഎ നേതൃത്വം അറിയിച്ചു.