കൊച്ചി:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ആരോപണ വിധേയനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തിവരുന്ന സമരം ഒൻപതാം ദിവസത്തിലേക്ക് കടന്നു.ഈ സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി പീഡിപ്പിക്കപ്പെട്ട കന്യാത്രീയുടെ സഹായദാരി ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതുവരെ നിരാഹാര സമരമിരിക്കാൻ തീരുമാനിച്ചു.സമരം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും സമരനേതാക്കൾ അറിയിച്ചു.ഇതിന്റെ ഭാഗമായി ഇന്ന് കുറവിലങ്ങാട്ട് ബഹുജന കൂട്ടായ്മയ്ക്കും കോഴിക്കോട് പ്രൊഫ.എം.എൻ കാരശ്ശേരിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ ഉണർന്നിരിപ്പ് സമരവും നടത്തും.നാളെ സംസ്ഥാന വ്യാപകമായി പന്തംകൊളുത്തി സമരവും സംഘടിപ്പിക്കും.ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിൽ എറണാകുളം ഹൈകോർട് ജംഗ്ഷനിലെ വഞ്ചി സ്ക്വയറിലാണ് സമരം നടക്കുന്നത്.സമരപന്തലിൽ നിരാഹാരം അനുഷ്ഠിച്ചു വരുന്ന സ്റ്റീഫൻ മാത്യുവിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.തുടർന്ന് സമരസമിതിയിലെ അലോഷ്യ ജോസഫ് നിരാഹാര സമരം ഏറ്റെടുത്തു.