
കൊച്ചി:കൊച്ചി നഗരത്തിലെ പൊന്നുരുന്നിക്ക് സമീപമുള്ള കോൺവെന്റിൽ കുട്ടികളെ കന്യാസ്ത്രീകൾ മർദിച്ചതായി പരാതി.മർദനം സഹിക്കാൻ കഴിയാതെ അർധരാത്രി കോൺവെന്റിൽ നിന്നും രക്ഷപ്പെട്ട കുട്ടികളെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കടവന്ത്ര പോലീസ് സ്റ്റേഷനിൽ നിന്നും പോലീസെത്തി കൂട്ടികൊണ്ടുപോയി.ആറുമുതൽ പന്ത്രണ്ടു വരെ പ്രായമുള്ള നിർധനരായ കുട്ടികളാണ് കോൺവെന്റിൽ താമസിച്ചു പഠിക്കുന്നത്.ഇവരുടെ ദേഹത്ത് ചൂരലുകൊണ്ട് അടിയേറ്റ പാടുകളുണ്ട്.ചൂട് സമയങ്ങളിൽ ഫാനിടാൻ അനുവദിക്കാറില്ലെന്നും ചെറിയ തെറ്റുകൾക്ക് പോലും ക്രൂരമായി മർദിക്കാറുണ്ടായിരുന്നെന്നും വിദ്യാർഥികൾ പറഞ്ഞു. ഒരു ദിവസം കഴിക്കാൻ നൽകിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടതിനെ തുടർന്ന് പരാതിപ്പെട്ടപ്പോൾ പുഴുവിനെ എടുത്തുമാറ്റി കഴിക്കാനായിരുന്നു നിർദേശമെന്നും വിദ്യാർഥികൾ പറഞ്ഞു.കഴിഞ്ഞ ദിവസം രാത്രി മർദനം സഹിക്കനാവാതെ കോൺവെന്റിലെ ഇരുപതു കുട്ടികളും ഓടി പുറത്തിറങ്ങുകയായിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കന്യാസ്ത്രീകൾക്കെതിരെ ജുവനൈൽ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.