Kerala, News

സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെ കണക്ക് ഇന്ന് പുറത്തുവിടും

keralanews number of teachers in the state who have not been vaccinated will released today

തിരുവനന്തപുരം:കോവിഡ് വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെ കണക്ക് സര്‍ക്കാര്‍ ഇന്ന് പുറത്ത് വിടും. ആരോഗ്യപ്രശ്നങ്ങളടക്കം ചൂണ്ടിക്കാട്ടി വാക്സിന്‍ എടുക്കാത്തവരുടെ കണക്കുകളാണ് പുറത്തുവിടുക. വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെ ജില്ല തിരിച്ചുള്ള വിവരം ശേഖരിച്ചിട്ടുണ്ട്. ഇവരുടെ പേരുവിവരം വെളിപ്പെടുത്തും എന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും എണ്ണം മാത്രമാകും പുറത്തുവിടുകയെന്നാണ് ഏറ്റവും പുതിയ വിവരം. വാക്‌സിനെടുക്കാത്ത അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് മന്ത്രി നേരത്തേ അറിയിച്ചിരുന്നു. സംസ്ഥാനത്തെ നിരവധി അദ്ധ്യാപകർ വാക്‌സിൻ സ്വീകരിക്കാത്ത സാഹചര്യത്തിൽ ഇന്നലെ തന്നെ കണക്കുകൾ പുറത്തുവിടുമെന്നാണ് ശിവൻകുട്ടി ആദ്യം പറഞ്ഞത്. എന്നാൽ കണക്കെടുപ്പ് പൂർത്തിയായിട്ടില്ല എന്ന് മനസിലായതോടെ കണക്കുകൾ ഇന്ന് പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു.ഒമിക്രോൺ രാജ്യത്ത് ഭീതി പടർത്തിയ സാഹചര്യത്തിൽ കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ ഈ നീക്കം. വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും വിവരം വെളിപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വാക്സിന്‍ എടുക്കാത്തവർ ആരാണെന്ന് അറിയാന്‍ സമൂഹത്തിന് അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. വാക്സിന്‍ എടുക്കാത്ത അധ്യാപകരോട് സ്കൂളില്‍ വരേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. അല്ലെങ്കില്‍ ഓരോ ആഴ്ചയും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അടുത്ത നടപടി എന്ന നിലയിലാണ് ആരെല്ലാമാണ് വാക്സിന്‍ എടുക്കാത്തത് എന്ന വിവരം വെളിപ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നത്.

Previous ArticleNext Article