വയനാട്:സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള വയനാട്ടില്‍ ജാഗ്രത കര്‍ശനമാക്കി.നിലവില്‍ 19 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ മരുമകന് തിരുനെല്ലി പഞ്ചായത്തില്‍ പലചരക്കുകട നടത്തുന്നയാളാണ്.ഈ കടയില്‍ പ്രദേശത്തെ ആദിവാസി വിഭാഗക്കാരടക്കം നിരവധിയാളുകള്‍ വന്നുപോയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ രോഗബാധയ്ക്ക് സാധ്യത നല്‍കാതെ തിരുനെല്ലി എടവക പഞ്ചായത്തുകളും മാനന്തവാടി മുനിസിപ്പാലിററിയും പൂര്‍ണമായും അടച്ചിടാനാണ് തീരുമാനം.കൂടാതെ അമ്പലവയൽ, മീനങ്ങാടി, വെള്ളമുണ്ട, നെന്മേനി പഞ്ചായത്തുകള്‍ ഭാഗികമായും കണ്ടെയിന്മെന്റ് സോണാക്കിയിട്ടുണ്ട്. ഈയിടെ ജില്ലയില്‍ രോഗം ബാധിച്ച 19 പേരില്‍ 15 പേര്‍ക്കും രോഗം പകര്‍ന്നത് കോയമ്പേട് പോയിവന്ന ട്രക് ഡ്രൈവറിലൂടെയാണ്.ഇയാള്‍ക്ക് ബാധിച്ച വൈറസിന് പ്രഹരശേഷി കൂടുതലായതിനാലാണ് ഇത്തരത്തിലുള്ള രോഗപ്പകര്‍ച്ച സംഭവിച്ചതെന്നാണ് വിദഗ്ധരുടെ നിഗമനം. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട കൂടുതല്‍പേര്‍ക്ക് ഇനി രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്കുന്നു. സംസ്ഥാനത്ത് ഇന്നലെ മാത്രം 16 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വയനാട് ജില്ലയില്‍ അഞ്ച് പേര്‍ക്കും മലപ്പുറം ജില്ലയില്‍ നാല് പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവും കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 576 ആയി. 80 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.