മുംബൈ: ടൗട്ടേ ചുഴലിക്കാറ്റില്‍ മുംബൈയിലുണ്ടായ ബാര്‍ജ് അപകടത്തില്‍ മരിച്ച ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു.വയനാട് വടുവഞ്ചാൽ സ്വദേശി സുമേഷാണ് മരിച്ചത്. ബോസ്റ്റഡ് കൺട്രോൾ ആൻഡ് ഇലക്ട്രിക്കൽസിലെ ജീവനക്കാരനായിരുന്നു സുമേഷ്. ഇതോടെ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.വയനാട് കല്‍പ്പറ്റ സ്വദേശി ജോമിഷ് ജോസഫ്(35), കോട്ടയം ചിറക്കടവ് മൂങ്ങാത്രക്കവല അരിഞ്ചിടത്ത് സസിന് ഇസ്മയില്‍ എന്നിവരാണ് മരിച്ച മറ്റ് മലയാളികള്‍. അപകടത്തിൽപ്പെട്ട 25 പേരെക്കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. അപകടത്തിൽ ആകെ മരണം 49 ആയി. പലരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. 188പേരെ ഇതുവരെ നാവികസേന രക്ഷപെടുത്തി.രക്ഷാപ്രവർത്തനം അഞ്ചാം ദിവസവും പുരോഗമിക്കുകയാണ്. ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് കൊച്ചി തുടങ്ങിയ നാവിക സേനാ കപ്പലുകളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ചൊവാഴ്ച്ചയാണ് ടൗട്ടേ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ മുംബൈ ഹൈ റിഗിലെ ബാർജുകൾ അപകടത്തിൽപ്പെട്ടത്. അതിനിടെ ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പുണ്ടായിട്ടും അവഗണിച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ.