Kerala, News

കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന;സമൂഹവ്യാപന സാദ്ധ്യതയെന്ന് വിദഗ്ദ്ധ സമിതി

keralanews number of covid patients increasing in kerala expert said chance for social spreading

തിരുവനന്തപുരം:കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന.ഇതോടെ സംസ്ഥാനത്ത് സമൂഹവ്യാപന സാധ്യതയെന്ന് ആശങ്ക.മൂന്നു ഘട്ടങ്ങളിലായി ഉറവിടമറിയാത്ത മുപ്പതോളം രോഗബാധിതരുണ്ടായത് സമൂഹ വ്യാപനസാധ്യതയാണ് കാണിക്കുന്നതെന്ന് വിദഗ്ധസമിതി മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.5 ദിവസത്തിനിടെ 273 പുതിയ രോഗികള്‍.അതില്‍ തന്നെ 32 പേര്‍ക്ക് രോഗം പടര്‍ന്നത് സമ്പര്‍ക്കത്തിലൂടെ.ഇതില്‍ ആരോഗ്യപ്രവര്‍ത്തകരും പൊലീസുകാരും റിമാന്‍ഡ് പ്രതികളും വരെയുണ്ട്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നു.കണ്ണൂര്‍ ധര്‍മ്മടത്ത് ഉറവിടമറിയാതെ വൈറസ് ബാധിച്ച്‌ മരിച്ച രോഗിയില്‍ നിന്ന് രോഗം പകര്‍ന്നത് പതിനൊന്നുപേര്‍ക്കാണ്. കാര്യമായ ലക്ഷങ്ങളൊന്നും കാണിക്കാത്ത രോഗിയില്‍ വൈറസ് ബാധ തിരിച്ചറിയും മുന്നേതന്നെ വൈറസ് വ്യാപനമുണ്ടായെന്നാണ് കരുതുന്നത്.ചക്ക തലയില്‍ വീണ് ചികിത്സ തേടിയ കാസര്‍കോട്ടുകാരന്‍, കണ്ണൂരിലെ റിമാന്‍ഡ് പ്രതികള്‍, തിരുവനന്തപുരത്തെ അബ്കാരി കേസ് പ്രതി,ആദിവാസിയായ ഗര്‍ഭിണി, കൊല്ലത്ത് പ്രസവ ശസ്ത്രക്രിയയ്ക്കെത്തിയ യുവതി തുടങ്ങി മൂന്നു ഘട്ടങ്ങളിലായി 23 പേര്‍ക്ക് രോഗം എങ്ങനെ പകര്‍ന്നതെന്ന് കണ്ടെത്താന്‍ ആരോഗ്യവകുപ്പധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതാണ് സമൂഹ വ്യാപന സാദ്ധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നത്. മറ്റിടങ്ങളെ അപേക്ഷിച്ച്‌ പരിശോധന കുറവായതിനാല്‍ അപകടകരമായ അവസ്ഥയാണ് ഈ കണക്കുകള്‍ കാണിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആരോഗ്യ പ്രവര്‍ത്തകരിലുള്‍പ്പെടെ പരിശോധനകള്‍ കൂട്ടിയാലേ യഥാര്‍ത്ഥ വസ്തുത പുറത്തു വരികയുള്ളുവെന്നും സമിതി നിര്‍ദേശിച്ചു. എന്നാല്‍ രോഗവ്യാപനത്തിന്റെ നിരക്ക് ഇതേപോലെ തുടരുകയും കൂടുതല്‍ പേര്‍ ഗുരുതരാവസ്ഥയിലാവുകയും ചെയ്യുന്ന സാഹചര്യത്തിലേ സമൂഹവ്യാപനമെന്ന് പറയാനാവൂ. പ്രവാസികളുടെ മടങ്ങിവരവ് അവസാനിക്കുന്ന മുറയ്ക്ക് പുതിയ രോഗികളുടെ എണ്ണം കുറയുമെന്ന് തന്നെയാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ.

സംസ്ഥാനത്ത് ഇന്നലെ മാത്രം 67 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പ്രതിദിന കണക്കുകളിലെ ഏറ്റവും ഉയര്‍ന്ന തോതാണിത്. ഇതില്‍ 27 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. മഹാരാഷ്ട്രയില്‍ നിന്നെത്തിയ 15 പേര്‍ക്കും തമിഴ്നാട്ടില്‍ നിന്നെത്തിയ 9 പേര്‍ക്കും പുറമെ ഗുജറാത്തില്‍ നിന്നു വന്ന അഞ്ച് പേര്‍ക്കും കര്‍ണാടകയില്‍ നിന്നുള്ള ഒരാള്‍ക്കും പോണ്ടിച്ചേരി, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും കേരളത്തിലെത്തിയ ഓരോരുത്തര്‍ക്കും വൈറസ് ബാധ കണ്ടെത്തി. ഏഴ് പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.പാലക്കാട് ജില്ലയില്‍ ഇതിനോടകം സമൂഹവ്യാപനം നടന്നതായി ആശങ്കയുണ്ട്. ഇന്നലെ മാത്രം 29 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മുക്തി നേടി രണ്ടാഴ്ച കഴിയുമ്പോഴാണ് ജില്ലയില്‍ ക്രമാതീതമായി രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്.നിലവില്‍ 82 രോഗികളാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്.ഏറ്റവുമധികം രോഗികളുണ്ടായിരുന്ന കാസര്‍കോഡിനും പിന്നെ കണ്ണൂരിനും ഒപ്പം പാലക്കാട്ടും രോഗവ്യാപനം തീവ്രമാകുമ്പോൾ സമൂഹവ്യാപനമെന്ന ഭീതികൂടിയുണ്ട്.

Previous ArticleNext Article