Kerala, News

കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; സംസ്ഥാനത്ത് നിയന്ത്രണം കർശനമാക്കും

keralanews number of covid patients increasing control will be tightened in the state

തിരുവനന്തപുരം:കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. സംസ്ഥാനത്തെ ഒൻപത് ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. കോവിഡ് പരിശോധനകളുടെ എണ്ണം പ്രതിദിനം ഒരുലക്ഷമായി വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. പരിശോധനകളുടെ എണ്ണം ഒരു ലക്ഷമാക്കുമ്പോൾ 75 ശതമാനവും ആര്‍ടിപിസിആര്‍ ആയിരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.നിയന്ത്രണങ്ങളില്‍ അയവുവന്നതും പൊതുവെയുള്ള ജാഗ്രത കുറഞ്ഞതുമാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് കോവിഡ് അവലോകന യോഗത്തിന്റെ വിലയിരുത്തല്‍.നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. പൊതുപരിപാടികള്‍ സംഘടിപ്പിക്കുമ്പോൾ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിന് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്കൊപ്പം പൊലീസിനെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമായിരിക്കും.ഫെബ്രുവരി പകുതിയോടെ രോഗവ്യാപനം കാര്യമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. വിവാഹ ചടങ്ങുകളിലും മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ഒരു കാരണവശാലും നൂറിലധികം പേര്‍ ഒത്തുകൂടാന്‍ പാടില്ല. 56 ശതമാനം പേര്‍ക്കും രോഗം പകരുന്നത് വീടുകള്‍ക്കുള്ളില്‍ നിന്നാണെന്നാണ് പഠനം. അഞ്ചുശതമാനം പേര്‍ക്ക് വിദ്യാലയങ്ങളില്‍ നിന്ന് രോഗം പകരുന്നുണ്ട്.ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകൾ, കശുവണ്ടി ഫാക്ടറി പോലെ തൊഴിലാളികള്‍ ഒന്നിച്ചിരുന്ന് ജോലി ചെയ്യുന്ന കേന്ദ്രങ്ങള്‍, വയോജന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എല്ലാവരേയും കൊവിഡ് പരിശോധനക്ക് വിധേയരാക്കും. നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നുണ്ടെങ്കിലും തൊഴിലെടുക്കുന്നതിനും ജീവിതോപാധിയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ക്കും തടസമുണ്ടാകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Previous ArticleNext Article